സിദ്ധാർത്ഥന്റെ മരണം: കേസന്വേഷണം സിബിഐയ്ക്ക്, കുടുംബത്തിന് ഉറപ്പു നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ വിദ്യാർഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കും. കുടുംബത്തിന്റെ വികാരം മാനിച്ച് കേസ് അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

സിദ്ധാർത്ഥിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് സിദ്ധാർത്ഥന്റെ പിതാവ് മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. ഈ കൂടിക്കാഴ്ച്ചയിലാണ് മുഖ്യമന്ത്രി സിബിഐ അന്വേഷണം ഉറപ്പു നൽകിയത്.

പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കേസ് സിബിഐക്ക് വിട്ടത്. എസ്എഫ്‌ഐ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരാണ് കേസിലെ പ്രതികൾ. ചില പ്രതികളെ മനപ്പൂർവം സംരക്ഷിക്കുന്നുവെന്ന ആരോപണമാണ് കുടുംബം മുന്നോട്ടുവെച്ചത്.

അതേസമയം, സിദ്ധാർത്ഥന്റെ മരണത്തിൽ ആന്റി റാഗിംഗ് സ്‌ക്വാഡിന്റെ റിപ്പോർട്ട് പുറത്തു വന്നു. റിപ്പോർട്ടിലുള്ളത് നിർണായക വിവരങ്ങളാണ്. സർവകലാശാലയിൽ നടന്നത് പരസ്യവിചാരണയെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. സിദ്ധാർത്ഥന് ക്രൂര പീഡനം ഏറ്റുവാങ്ങേണ്ടി വന്നു. 18 പേർ പലയിടങ്ങളിൽ വച്ച് സിദ്ധാർത്ഥനെ മർദ്ദിച്ചു. അടിവസ്ത്രം മാത്രം ധരിപ്പിച്ച് സിദ്ധാർത്ഥനെ നടത്തിച്ചു. സർവകലാശാലയുടെ നടുത്തളത്തിൽ വച്ചും സമീപത്തെ കുന്നിൻ മുകളിൽ വച്ചും മർദ്ദിച്ചുവെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നു. 97 പേരുടെ മൊഴിയെടുത്താണ് ആന്‍റി റാഗിംഗ് സ്ക്വാഡ് റിപ്പോർട്ട് തയ്യാറാക്കിയത്.