വീണയുടെ കാര്യത്തിൽ താൻ മറുപടി പറയേണ്ട കാര്യമില്ല; എം വി ഗോവിന്ദൻ

പത്തനംതിട്ട: മാസപ്പടി കേസിൽ എസ്എഫ്‌ഐഒ അന്വേഷണം തടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളിയ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറാകാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിഷയത്തിൽ താൻ മറുപടി പറയേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അത്തരം കാര്യങ്ങളൊക്കെ വീണാ വിജയന്റെ കമ്പനി നോക്കിക്കൊള്ളും. പിണറായി വിജയനുമായി ബന്ധപ്പെട്ട വിഷയത്തിൽ മാത്രമേ താൻ മുമ്പ് പ്രതികരിച്ചിട്ടുള്ളൂവെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കെതിരെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്‌ഐഒ) നടത്തുന്ന അന്വേഷണം റദ്ദാക്കണമെന്ന ആവശ്യം ഇന്നാണ് കർണാടക ഹൈക്കോടതി തള്ളിയത്. എക്‌സാലോജിക് – സിഎംആർഎൽ ഇടപാടുകളിൽ എസ് എഫ് ഐ ഒക്ക് അന്വേഷണം തുടരാമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. ഫെബ്രുവരി 12ന് ഒന്നരമണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങളാണ് കോടതിയിൽ നടന്നിരുന്നത്. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങൾ സിഎംആർഎല്ലിന്റെ ഇടപാടുകളിൽ നടന്നിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ കുളൂർ അരവിന്ദ് കാമത്ത് അറിയിച്ചു.