എസ്എഫ്‌ഐഒ അന്വേഷണം; വീണ വിജയന് കർണാടക ഹൈക്കോടതിയിൽ തിരിച്ചടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കെതിരെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്‌ഐഒ) നടത്തുന്ന അന്വേഷണം റദ്ദാക്കണമെന്ന ആവശ്യം തള്ളി കർണാടക ഹൈക്കോടതി. സിപിഎമ്മിനും മുഖ്യമന്ത്രിയ്ക്കും വീണാ വിജയനും ഒരുപോലെ തിരിച്ചടിയായിരിക്കുകയാണ് ഈ കോടതി വിധി.

സിഎംആർഎൽ- എക്‌സാലോജിക് ഇടപാടുകളുടെ രേഖകൾ വീണയ്ക്ക് എസ്എഫ്‌ഐഒയ്ക്ക് നൽകേണ്ടി വരും. രേഖകൾ പിടിച്ചെടുക്കാനും അറസ്റ്റിനുമുള്ള അധികാരം എസ്എഫ്‌ഐഒയ്ക്കുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെതിരെ ഇത് ആയുധമാക്കാൻ കോൺഗ്രസിന് കഴിയും. എസ്എഫ്‌ഐഒ അന്വേഷണം റദ്ദാക്കണമെന്ന കെഎസ്‌ഐഡിസി ആവശ്യം നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കർണാടക ഹൈക്കോടതിയിൽ നിന്നും തിരിച്ചടി ഉണ്ടായിരിക്കുന്നത്.

സിഎംആർഎലും എക്‌സാലോജിക്കും തമ്മിലുള്ള മാസപ്പടി കേസിൽ സിഎംആർഎലിൽ നിന്നും എസ്എഫ്‌ഐഒ വിവരങ്ങൾ ശേഖരിച്ചിരുന്നു. സിഎംആർഎലിൽ 13.4% ഓഹരി പങ്കാളിത്തമുള്ള സർക്കാർ സ്ഥാപനമായ കെഎസ്‌ഐഡിസിയിലും പരിശോധന നടത്തി.

എക്‌സാലോജിക് – സിഎംആർഎൽ ഇടപാടുകളിൽ എസ് എഫ് ഐ ഒക്ക് അന്വേഷണം തുടരാമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. ഫെബ്രുവരി 12ന് ഒന്നരമണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങളാണ് കോടതിയിൽ നടന്നിരുന്നത്. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങൾ സിഎംആർഎല്ലിന്റെ ഇടപാടുകളിൽ നടന്നിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ കുളൂർ അരവിന്ദ് കാമത്ത് അറിയിച്ചു.