ജനങ്ങളുടെ ജീവന് വിലയില്ലേ; വനംവകുപ്പിനെതിരെ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: വനംവകുപ്പിനെതിരെ വിമർശനവുമായി ഹൈക്കോടതി. വന്യമൃഗ ആക്രമണത്തിലാണ് വനംവകുപ്പിനെതിരെ ഹൈക്കോടതി വിമർശനം ഉന്നയിച്ചത്. ജനങ്ങളുടെ ജീവന് വിലയില്ലേയെന്നും നഷ്ടപരിഹാരം നൽകിയാൽ ഒഴിഞ്ഞുപോകാമെന്ന് പറയുന്നവർക്ക് അത് കൊടുത്തുകൂടേയെന്നും കോടതി ചോദിക്കുന്നു. ഇക്കാര്യത്തിൽ ഒരു നയം ഉണ്ടാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വനാതിർത്തിയിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞുപോകുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ പരാമർശം.

കഴിഞ്ഞ ദിവസം വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. ട്രാക്ടർ ഡ്രൈവർ പടമല ചാലിഗദ്ദ പനച്ചിയിൽ അജിയാണ് കൊല്ലപ്പെട്ടത്. കർണാടകയിൽ നിന്നെത്തിയ റേഡിയോ കോളർ ധരിച്ച ആനയാണ് ആക്രമണം നടത്തിയത്. വനംവകുപ്പിനുണ്ടായ അനാസ്ഥയിലും വന്യജീവി അക്രമണത്തിലും വ്യാപക പ്രതിഷേധമാണ് പ്രദേശത്ത് ഉയർന്നത്. ഇതിനുപിന്നാലെയാണ് വനംവകുപ്പിനെതിരെ ഹൈക്കോടതി വിമർശനമുന്നയിച്ചിരിക്കുകയാണ്.

അതേസമയം, കർഷകനെ കൊന്ന കാട്ടാനയെ മയക്കുവെടി വെക്കാനായി മിഷൻ മഖ്‌ന ദൗത്യം ആരംഭിച്ചിട്ടുണ്ട്.