ലാവ്‌ലിൻ കേസ്; വാദം കേൾക്കൽ വീണ്ടും മാറ്റിവെച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ലാവ്‌ലിൻ കേസിൽ വാദം കേൾക്കൽ വീണ്ടും മാറ്റിവെച്ച് സുപ്രീം കോടതി. മെയ് ഒന്നിന് കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. അന്നേദിവസം വാദം പൂർത്തിയായില്ലെങ്കിൽ മെയ് രണ്ടിന് കേസിന്റെ വാദം തുടരാനാണ് തീരുമാനം.

കേസ് അടിയന്തരമായി കേൾക്കണം എന്നായിരുന്നു സിബിഐ നേരത്തെ ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ ഒക്ടോബർ 31ന് കോടതിയിൽ കേസ് എത്തിയിരുന്നുവെങ്കിലും വാദം നടക്കാതെ മാറ്റിയിരുന്നു. ലാവലിൻ കേസുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതി വിധി ഹൈക്കോടതി 2018 ഒക്ടോബർ മാസം ശരിവെച്ചിരുന്നു. ഇതിനെതിരെയാണ് സിബിഐ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്.

ലാവലിൻ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐ ഹർജിയും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹർജിയുമാണ് നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.