ഇന്ത്യ സഖ്യ നേതൃത്വം മമത ബാനർജിക്ക് നൽകണം; പരോക്ഷ സൂചനയുമായി തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത: ഇന്ത്യ സഖ്യത്തിന്റെ നേതൃസ്ഥാനം ലക്ഷ്യമിട്ടുള്ള നീക്കവുമായി തൃണമൂൽ കോൺഗ്രസ്. ഛത്തീസ്ഗഡിലും രാജസ്ഥാനിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട് കോൺഗ്രസിന് അധികാരം നഷ്ടമായതിന് പിന്നാലെയാണ് തൃണമൂൽ കോൺഗ്രസിന്റെ നീക്കം.

ഇന്ത്യ സഖ്യ നേതൃത്വം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് നൽകണമെന്ന പരോക്ഷ സൂചനയുമായി രംഗത്തെത്തിയിരിക്കുകയാണ് തൃണമൂൽ കോൺഗ്രസ്. ബിജെപിയെ തോൽപ്പിച്ച ചരിത്രമുള്ളവർക്ക് നേതൃ സ്ഥാനം നൽകണമെന്നാണ് തൃണമൂൽ പറയുന്നത്. പാർട്ടിയുടെ മുഖപത്രമായ ജാഗോ ബംഗ്ലയിലെ എഡിറ്റോറിയലിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബിജെപി വിരുദ്ധ സഖ്യത്തിന് നേതൃത്വം നൽകേണ്ടത് ബിജെപിയെ പല തവണ തോൽപ്പിച്ച് പരിചയമുള്ള ആളായിരിക്കണമെന്നും എഡിറ്റോറിയലിൽ വ്യക്തമാക്കുന്നു.

കോൺഗ്രസ് തങ്ങളുടെ തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് പ്രാദേശിക നേതാക്കൾക്ക് അർഹമായ ബഹുമാനം നൽകണമെന്ന ആവശ്യവും മുഖപ്രസംഗത്തിൽ ഉന്നയിക്കുന്നു. ബിജെപിക്കെതിരെ ധീരമായി പോരാടുന്നതും ഓരോ തവണയും ജയിക്കുന്നതും തൃണമൂലാണെന്ന് കോൺഗ്രസ് ഓർക്കണം. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഒരു ഡസൻ ബിജെപി നേതാക്കളും ബംഗാളിൽ പ്രചാരണം നടത്തിയെങ്കിലും മമത ബാനർജിയെ പരാജയപ്പെടുത്താൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് അവർ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഗീബൽസിയൻ തന്ത്രങ്ങൾ പ്രയോഗിക്കുന്നതെന്നും എഡിറ്റോറിയൽ വിശദമാക്കുന്നു.