ഷാരോണ്‍ വധം; നെയ്യാറ്റിൻകര കോടതിയിൽ ഗ്രീഷ്മ ഹാജരാകും

കാമുകനെ കഷായത്തിൽ വിഷം ചേർത്ത് കൊലപ്പെടുത്തിയ ഷാരോണ്‍ കേസിൽ ഇന്ന് നെയ്യാറ്റിൻകര സെഷൻസ് കോടതി പരിഗണിക്കും. കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ ഉള്‍പ്പെടെ മൂന്ന് പ്രതികളും ഇന്ന് കോടതിയിൽ ഹാജരാകും. വിചാരണ നടപടികള്‍ തുടങ്ങുന്നതിന്‍റെ ഭാഗമായാണ് ഇന്ന് കേസ് പരിഗണിക്കുന്നത്. കേസ് തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നുവിചാരണ നടപടികളുമായി പൂർണമായി സഹകരിക്കണമെന്ന നിബന്ധനയോടെയാണ് ഗ്രീഷ്മയ്ക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്.


കേസിലെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്ന തീയതി ഉള്‍പ്പെടെ കോടതി ഇന്ന് പരിഗണിക്കും. കേസിൽ വിചാരണ അതിവേഗം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ അപേക്ഷ നൽകും. കഴിഞ്ഞ 26-ാം തീയതിയാണ് ഗ്രീഷ്മ ജയിൽ മോചിതയായത്. 11 മാസത്തെ ജയിൽവാസത്തിന് ശേഷമാണ് ഗ്രീഷ്മയ്ക്ക് മോചനം ലഭിച്ചത്. 2022 സെപ്റ്റംബർ 14 ന് തന്റെ വീട്ടിലേക്ക് വിളിച്ച് വരുത്തി ഗ്രീഷ്മ ഷാരോണിന് വിഷം കഷായത്തിൽ കലക്കി നൽകുകയായിരുന്നു. 10 ദിവസത്തിന് ശേഷമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഷാരോൺ മരിച്ചത്. ആദ്യം സാധാരണ മരണമാണെന്ന് കരുതിയ കേസിൽ പിന്നീട് കേരളം ഞെട്ടിയ വഴിത്തിരിവുണ്ടായി.