ജി 20 യോഗം: ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സംയുക്തവ്യാപാര സാമ്പത്തിക ഇടനാഴിക്ക് കരാറായി

ന്യൂഡൽഹി: യുഎസ് സഹകരണത്തോടെ ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സംയുക്തവ്യാപാര സാമ്പത്തിക ഇടനാഴിക്ക് കരാറായി. ചൈനയുടെ കടന്നുകയറ്റത്തെ ചെറുക്കാൻ വേണ്ടിയാണ് സംയുക്ത വ്യാപാര സാമ്പത്തിക ഇടനാഴി. ജി20 ഉച്ചകോടിക്കിടെയാണ് ഇതുംസംബന്ധിച്ച പ്രഖ്യാപനം നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ, യൂറോപ്യൻ നേതാക്കൾ തുടങ്ങിയവരാണ് കരാർ പ്രഖ്യാപിച്ചത്.

ഇന്ത്യയിൽ നിന്നാരംഭിച്ച് യൂറോപ്പിലേക്ക് നീളുന്നതാണ് ഈ സാമ്പത്തിക ഇടനാഴി. യുഎഇ, സൗദി അറേബ്യ, ജോർദാൻ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുത്തി റെയിൽ, തുറമുഖ വികസനം നടപ്പാക്കി അടിസ്ഥാന സൗകര്യങ്ങളൊരുക്കി ഇന്ത്യയും യൂറോപ്പുമായുള്ള വ്യാപാരം 40 ശതമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. റെയിൽ, തുറമുഖ സൗകര്യങ്ങൾ വികസിപ്പിക്കുക, ഹൈഡ്രജൻ പൈപ്പ് ലൈനുകൾ സ്ഥാപിക്കുക, ആശയവിനിമയ ബന്ധത്തിനായി വാർത്തവിനിമയ കേബിളുകൾ സ്ഥാപിക്കുക തുടങ്ങിയവയും കരാർ ലക്ഷ്യമിടുന്നു.

ഭാവിയിൽ ഇന്ത്യയിൽ നിന്നുള്ള ചരക്കുനീക്കം ഗൾഫിൽ നിന്നും യൂറോപ്പിലേക്ക് റെയിൽ മുഖേനയാക്കുന്നതും കരാർ ലക്ഷ്യമിടുന്നുണ്ട്. ഇടത്തരം രാജ്യങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിനും പദ്ധതി പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, രാജ്യങ്ങളെ ബന്ധിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും അടുത്ത തലമുറയ്ക്കായി അടിത്തറ പാകുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.