സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങുന്നതില്‍ എന്താണ് തെറ്റ്?; ലോകകേരള പണപ്പിരിവില്‍ ന്യായീകരണവുമായി എ.കെ ബാലന്‍

തിരുവനന്തപുരം: ലോക കേരള സഭ മേഖല സമ്മേളനത്തില്‍ സ്‌പോണ്‍സര്‍ഷിപ്പ് എന്ന പേരില്‍ നടക്കുന്ന പണപ്പിരിവിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എ.കെ ബാലന്‍.

‘സ്‌പോണ്‍സര്‍ എന്നുപറഞ്ഞാല്‍ എന്താണെന്ന് ആദ്യം മനസ്സിലാക്കണം. സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങുന്നതില്‍ എന്താണ് തെറ്റ്? ഇപ്പോള്‍ ആരോപണമുന്നയിക്കുന്ന ഇവരാരും ഇതിനുമുമ്പ് സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങിയിട്ടില്ലേ? വിവിധ രാജ്യങ്ങളിലെ മലയാളികളുടെ സംഗമമാണ് ലോക കേരള സഭ. മലയാളികള്‍ മനസ്സറിഞ്ഞ് സഹകരിക്കുന്നതില്‍ എന്തിനാണ് അസൂയ? പ്രവാസികളെ പ്രതിപക്ഷം അപമാനിച്ചില്ലേ? മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റേയും ഇമേജ് ഉയര്‍ന്നിരിക്കുന്നു. ആരോപണങ്ങള്‍ പ്രവാസികള്‍ പുച്ഛിച്ചു തള്ളും .ഇത് പണം പിരിക്കുന്നതല്ല. സ്‌പോണ്‍സര്‍ഷിപ്പാണ്. ദുരുപയോഗം പരിശോധിക്കാന്‍ ഓഡിറ്റ് ഉണ്ട്. ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, സ്പോണ്‍സര്‍ഷിപ്പ് വാങ്ങാനും പറ്റില്ല എന്നത് എന്ത് ന്യായം. ലോക കേരള സഭ വിവാദത്തിന് പിന്നില്‍ വയനാട് സഹകരണ ബാങ്ക് അഴിമതി.കെപിസിസി ജനറല്‍ സെക്രട്ടറി അറസ്റ്റിലായത് മറികടക്കാന്‍ വിവാദം ഉയര്‍ത്തുകയാണ്’- അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, സ്‌പോണ്‍സര്‍ഷിപ്പ് അമേരിക്കന്‍ രീതിയാണെന്നും പണം കണ്ടെത്താനാകാതെ പരിപാടി നടത്താനാകില്ലെന്നുമാണ് നോര്‍ക്കയുടെ വിശദീകരണം. സര്‍ക്കാര്‍ ഒന്നുമറിയില്ലെന്ന് ധനമന്ത്രി അടക്കം പറയുമ്പോള്‍ നോര്‍ക്ക ഡയറക്ടറാണ് പരിപാടിയുടെ ചീഫ് കോര്‍ഡിനേറ്റര്‍.