അഭിമാന നേട്ടം; 3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

മികച്ച സൗകര്യങ്ങളും സേവനങ്ങളുമൊരുക്കി കൂടുതൽ സർക്കാർ ആശുപത്രികളെ ദേശിയ ഗുണനിലവാരത്തിലേക്ക് ഉയർത്താനായി നടത്തിയ നടപടികളുടെ ഭാഗമായാണ് ഈ അംഗീകാരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ജനപ്രതിനിധികളുടെയും തദ്ദേശ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ താലൂക്ക്, ജില്ലാ ആശുപത്രികളിൽ കൂടി ഗുണനിലവാരം ഉറപ്പാക്കാനായുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. സംസ്ഥാനത്ത് ആകെ 175 ആശുപത്രികൾക്ക് എൻ.ക്യു.എ.എസ്. അംഗീകാരവും 76 ആശുപത്രികൾക്ക് പുന:അംഗീകാരവും നേടിയെടുക്കാനായി. 5 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 9 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 41 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 116 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻ.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

8 വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകൾ വിലയിരുത്തിയാണ് ഒരു ആശുപത്രിയെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തുന്നത്. എൻ.ക്യു.എ.എസ്. അംഗീകാരത്തിന് 3 വർഷത്തെ കാലാവധിയാണുളളത്. 3 വർഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എൻ.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് 2 ലക്ഷം രൂപാ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസെന്റീവ് ലഭിക്കും. ആശുപത്രികളുടെ കൂടുതൽ വികസനത്തിന് ഈ തുക സഹായിക്കുമെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.