റേഡിയോ മുത്തശ്ശിയുടെ രണ്ടാം ചരമവാർഷികം

kg devaki

റേഡിയോയിലും, നാടകത്തിലും, സിനിമയിലും, സീരിയലിലുമെല്ലാം തിളങ്ങിനിന്ന ബഹുമുഖ പ്രതിഭയായിരുന്ന കെ ജി ദേവകിയമ്മ മൺമറഞ്ഞിട്ട് ഇന്ന് 2 വർഷം തികയുന്നു.

1922 ൽ നെടുമങ്ങാടുള്ള ഒരു തികഞ്ഞ കലാ കുടുംബമായ പുത്തൻവീട്ടിലാണ് ദേവകിയമ്മയുടെ ജനനം. ചെറുപ്പത്തിലെ സംഗീതത്തിൽ താൽപര്യമുണ്ടായിരുന്ന ദേവകിയമ്മയുടെ ആദ്യഗുരു അച്ഛൻ കേശവൻ ഭാഗവതർ ആയിരുന്നു. അക്കാലത്ത് നാട്ടിൽ ഏറെ ആദരിക്കപ്പെട്ട സംഗീതജ്ഞനായിരുന്നു ദേവകി അമ്മയുടെ പിതാവായ കേശവൻ ഭാഗവതർ. അദ്ദേഹത്തിന്റെ സഹോദരനായ ദാമോദരൻ ഭാഗവതരുടെ നാടകകളരി ആയിരുന്നു ദേവകിയമ്മയുടെ ആദ്യ നാടകതട്ടകം. നാടകത്തിൽ അരങ്ങുതകർത്ത കെ ജി ദേവകിയമ്മയ്ക്ക് തുടക്കത്തിൽ തന്നെ പേരും പ്രശസ്തിയും നേടാൻ കഴിഞ്ഞു. അക്കാലത്താണ് കലാനിലയം നാടകസംഘത്തിൽ നിന്നും ലാവണ്യ ലഹരി എന്ന നാടകത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നതിനായി കലാനിലയം കൃഷ്ണൻനായരിൽ നിന്നും ക്ഷണം ലഭിച്ചത്. തുടർന്ന് ലാവണ്യ ലഹരി എന്ന നാടകത്തിലൂടെ ദേവകി അമ്മ കലാനിലയം നാടകസംഘത്തിലെ ഒരു സ്ഥിരംഗമായി മാറി . 1940 ൽ
കലാനിലയം കൃഷ്ണൻ നായരെ വിവാഹം കഴിച്ചതിലൂടെ കലാനിലയം നാടകവേദിയുടെ അഭിവാജ്യഘടകമായി ദേവകിയമ്മ മാറുകയായിരുന്നു.

കെ ജി ദേവകി അമ്മ എന്ന അതുല്യപ്രതിഭയുടെ തട്ടകം സ്റ്റേജ് നാടകങ്ങളിൽ മാത്രം ഒതുങ്ങിനിന്നില്ല. ഒരു കലയിൽ നിന്ന് മറ്റൊരു കലയിലേക്ക് കൂടു മാറുമ്പോഴും അവയിൽ ഓരോന്നിന്റെയും വിജയ പഥ ങ്ങളിലേക്ക് നടന്നുകയറാൻ എന്നും കഴിഞ്ഞിരുന്നു ഈ സമ്പൂർണ്ണ കലാകാരിക്ക്‌.1943 ൽ തിരുവിതാംകൂർ റേഡിയോ നിലയത്തിൽ നിന്നും പട്ടണ പകിട്ട് എന്ന റേഡിയോ നാടകത്തിൽ അഭിനയിക്കാൻ ദേവകിയമ്മയ്ക്ക് ക്ഷണമുണ്ടായി. ആ നാടകം റേഡിയോ ശ്രോതാക്കൾ ക്കിടയിൽ വലിയ അംഗീകാരം നേടി. അതിനു ശേഷം റേഡിയോ നിലയത്തിലെ തുടർന്നുള്ള പരിപാടികളിൽ ദേവകിയമ്മ സജീവമായിരുന്നു. പാട്ട് പരിപാടികളായിരുന്നു അധികവും. അങ്ങനെ മലയാളത്തിലെ ആദ്യത്തെ റേഡിയോ സ്ത്രീ ശബ്ദമായി മാറി കെ ജി ദേവകിയമ്മ. മലയാളത്തിലെ ആദ്യ സ്ത്രീ റേഡിയോ അവതാരിക. (The first radio jockey in kerala ) ലോകമെമ്പാടും പടർന്നു കിടക്കുന്ന മലയാള റേഡിയോ ജോക്കികളുടെ റേഡിയോ മുത്തശ്ശി.

50കളിൽ തിരുവിതാങ്കൂർ റേഡിയോ, ആൾ ഇന്ത്യ റേഡിയോ ആയി മാറുന്നത് മുതൽ അക്ഷരാർത്ഥത്തിൽ ദേവകിയമ്മ കലാനിലയത്തിൽ നിന്നും ആൾ ഇന്ത്യ റേഡിയോ യിലേക്ക് പറിച്ചുനടപ്പെടുക യായിരുന്നു. അവിടെ ഒരു സ്ഥിരം ജീവനക്കാരി യാവുകയും, തുടർന്നങ്ങോട്ട് ബാലലോകം, രശ്മി,റേഡിയോ നാടകങ്ങൾ മുതലായ അനവധി പരിപാടികളിലൂടെ കേരളത്തിലെ റേഡിയോ ശ്രോതാക്കളുടെ ഇടയിൽ ദേവകിയമ്മ നിറഞ്ഞുനിന്നു.

കലയോടുള്ള ദേവകിയമ്മയുടെ അടങ്ങാത്ത ആർത്തി, പുതിയ മേഖലകളിലേക്കുള്ള അഭിനിവേശം ഒരു നിയോഗംപോലെ സംവിധായകൻ പത്മരാജന്റെ ‘ഒരിടത്തൊരു ഫയൽമാൻ’ എന്ന സിനിമയിലൂടെ ദേവകി അമ്മക്ക്‌ ചലച്ചിത്ര ലോകത്തേക്കുള്ള വാതിൽ തുറന്നു കൊടുത്തു. എന്നാൽ ചലച്ചിത്ര ലോകത്തേക്കുള്ള ദേവകിയമ്മയുടെ പ്രവേശനം ആസ്വദിച്ച് തീരുംമുമ്പേ അവരുടെ കലയുടെ നാഥനായ കലാനിലയം കൃഷ്ണൻ നായരുടെ വിയോഗം ദേവകി അമ്മയെ ആകെ തകർത്തു. ആ സംഭവത്തിനു ശേഷം ആകാശവാണിയിൽ നിന്നും, നാടകലോകത്ത് നിന്നും എന്നെന്നേക്കുമായി ദേവകിയമ്മ പടിയിറങ്ങി.
എങ്കിലും കെ ജി ദേവകി അമ്മ എന്ന കലാകാരിക്ക് ഏകാന്തത കളുടെയും ഒറ്റപ്പെടലുകളു യുടെയും കാരാഗൃഹത്തിൽ കഴിയാൻ ആവുമായിരുന്നില്ല. ജന്മം തന്നെ കലയ്ക്ക് സമർപ്പിച്ച ദേവകിഅമ്മ മരണംവരെയും സിനിമകളും സീരിയലുകളും ചെയ്തു കൊണ്ടേയിരുന്നു. കലക്കു വേണ്ടി മാത്രം ജീവിച്ച ദേവകിയമ്മയ്ക്ക് അംഗീകാരങ്ങളോ, പുരസ്കാരങ്ങളോ കിട്ടാത്തതിൽ യാതൊരു പരാതിയും ഇല്ലായിരുന്നു. കലയുടെ ലോകത്ത് നിന്നും കണ്ണുകൾ എത്താത്ത മറു ലോകത്തേക്ക് യാത്രയായതിനുശേഷവും തന്റെ സർഗ്ഗ വൈഭവം കൊണ്ട് തന്റെ സാന്നിധ്യം നമുക്കിടയിലേക്ക് വാരിവിതറിയ ഒരു അത്ഭുത കലാകാരിയായിരുന്നു കെ ജി ദേവകിയമ്മ എന്ന മലയാളത്തിന്റെ സ്വന്തം ‘റേഡിയോ മുത്തശ്ശി’

ആ സമ്പൂർണ്ണ കലാകാരിയായ എന്റെ മുത്തശ്ശിക്ക്‌ എന്റെ പ്രണാമം

ഹരികൃഷ്ണൻ കലാനിലയം