ദേശീയ ഉപഭോക്തൃ ദിനം (National Consumer Day)

national consumer day

സർവത്ര പരസ്യമയമായ ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ബാനറുകളും ഫ്ളക്സുകളും, ഉച്ചഭാഷിണികളും.. എവിടെ തിരിഞ്ഞാലും പരസ്യങ്ങൾ മാത്രം! ഗുണമേന്മയോ നിലവാരമോ നോക്കാതെ പരസ്യം മാത്രം കണ്ട് സാധനങ്ങൾ വാങ്ങുമ്പോഴാണ് പലപ്പോഴും നമ്മൾ വഞ്ചിക്കപ്പെടുന്നത്. ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കുന്നതിന് ഉപഭോക്താവ് ഉണർന്നിരുന്നേ പറ്റൂ… ഉപഭോക്തൃ നിയമങ്ങളെക്കുറിച്ചും ഉപഭോക്താവിന്റെ അവകാശങ്ങളെക്കുറിച്ചും മുൻകരുതലുകളെക്കുറിച്ചും കച്ചവടതന്ത്രങ്ങളെക്കുറിച്ചുമെല്ലാം ഇവിടെ വായിക്കാം.

നിയമങ്ങളുടെ സംയുക്തവേദി മായം ചേർത്തും കബളിപ്പിച്ചും അളവിലും തൂക്കത്തിലും കുറവ് വരുത്തിയും മോഹനവാഗ്ദാനങ്ങൾ നൽകിയും ദിനേനയെന്നോണം പറ്റിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ രക്ഷയ്ക്കെത്തുന്നു ദേശീയ ഉപഭോക്തൃ നിയമം. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഈ നിയമം ഇന്ത്യയിലെത്തി. 1986 ഡിസംബർ 24ന്. ഉപഭോക്താവ് തന്നെയാണ് രാജാവ്, പണം നൽകി സാധനങ്ങൾ വാങ്ങുന്നവന് വഞ്ചന, ചൂഷണം എന്നിവയിൽനിന്ന് സംരക്ഷണം നൽകുകയാണ് നിയമലക്ഷ്യം. 1930ലെ സാധന വില്പന നിയമം, 1940ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്റ്റ്, മായംചേർക്കൽ നിരോധനനിയമം, അളവ് തൂക്ക മാനകനിയമം തുടങ്ങിയവയുടെ ആകത്തുക തന്നെയാണ്. നമ്മുടെ അവകാശങ്ങൾ സാധനങ്ങൾ വിലകൊടുത്തു വാങ്ങുന്ന ഉപഭോക്താക്കൾക്കുമുണ്ട് ചില അവകാശങ്ങൾ.

  • സുരക്ഷിതത്വം നമ്മുടെ അവകാശമാണ്: വാങ്ങുന്ന സാധനങ്ങളുടെ ഗുണം, ശുദ്ധി, വ്യാപ്തി, ശരിക്കുമുള്ള വില എന്നിവ നിർബന്ധമായും അറിഞ്ഞിരിക്കുക എന്നതാണ് സുരക്ഷിതത്വം. MRP (Maximum Retail Price)യിൽ കൂടുതൽ പണം ഒരിക്കലും ഒരു സാധനത്തിനും നൽകരുത്.
  • അറിയുന്നതിനുള്ള അവകാശം: ഉത്പന്നത്തിന്റെ പൂർണവിവരങ്ങളാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. സാധനത്തിന്റെ ഗുണമേന്മ, ഉത്പാദിപ്പിച്ച തീയതി, കാലാവധി തീരുന്ന തീയതി എന്നിവയെല്ലാം ഇതിലുൾപ്പെടും.
  • തിരഞ്ഞെടുക്കാനുള്ള അവകാശം: ‘ഞങ്ങൾ തരുന്നത് വാങ്ങി സ്ഥലം വിട്ടോളണം’ എന്നോ മറ്റോ ഏതെങ്കിലും കച്ചവടക്കാരൻ പറയുകയാണെങ്കിൽ പ്രതികരിക്കാനും നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാനും നമുക്ക് അവകാശമുണ്ട്.
  • തർക്കപരിഹാരത്തിനുള്ള അവകാശം: കച്ചവടക്കാരുടെ ചൂഷണത്തിനെതിരേയുള്ള നിയമസഹായമാണ് ഇത്.
  • ഉപഭോക്തൃ വിദ്യാഭ്യാസത്തിനുള്ള അവകാശം: നിയമത്തിന്റെ പൂർണമായ ഫലത്തിന് ഉപഭോക്തൃവിദ്യാഭ്യാസം വേണം. സർക്കാരിന്റെയും ഉപഭോക്തൃസംഘടനകളുടെയും കൂട്ടായ പരിശ്രമം ഇതിനു വേണ്ടിവരും.
  • അപകടകരമായ ഉത്പന്നങ്ങളിൽ നിന്നുള്ള പരിരക്ഷ: ജീവനൊ സ്വത്തിനൊ ദോഷം ചെയ്യുന്ന വിപണനത്തിൽനിന്നുള്ള രക്ഷയാണിത്.
  • കേൾക്കാനുള്ള അവകാശം: രേഖാമൂലം മാത്രമല്ല, ഉത്പന്നങ്ങളുടെ നിലവാരം ചോദിച്ചു മനസ്സിലാക്കാനും, അത് ബന്ധപ്പെട്ടവർ പറഞ്ഞു ബോധ്യപ്പെടുത്തി തരേണ്ട തുമാണ്. ബില്ല് ചോദിച്ചു വാങ്ങണം. ബില്ലിന്റെ ഗുണങ്ങൾ പലതാണ്. ഏത് കടയിൽ നിന്നാണ് സാധനങ്ങൾ വാങ്ങിയത് എന്നതിനുള്ള തെളിവാണല്ലോ ബില്ല്. സർക്കാരിനു ലഭിക്കേണ്ടുന്ന നികുതി അങ്ങനെ ഉറപ്പിക്കാം. നമ്മൾ വാങ്ങിയ സാധനത്തെക്കുറിച്ച് പരാതിയോ മറ്റോ ഉണ്ടെങ്കിൽ ബില്ല് ഹാജരാക്കാമല്ലോ. ബിൽ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുതയാണ്, വിറ്റസാധനം തിരിച്ചെടുക്കുന്നതല്ല എന്നത് ഉൾപ്പെടുത്തിയിട്ടുണ്ടോ എന്നുള്ളത്. ഏജൻസികളും സുപ്രീംകോടതിയും പരാതി നൽകാൻ ജില്ലാതലത്തിൽ ജില്ലാഫോറത്തിലും സംസ്ഥാനതലത്തിൽ സംസ്ഥാന കമ്മിഷനും ദേശീയതലത്തിൽ ദേശീയ കമ്മിഷനും ജാഗ്രതയോടെ ഉണ്ട്. ഇനിയും നീതി ലഭിച്ചില്ലെങ്കിൽ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയെയും പരാതിക്കാരന് സമീപിക്കാം. അനായാസം… മറ്റുകേസുകളെയപേക്ഷിച്ച് ഉപഭോക്തൃ സംരക്ഷണനിയമത്തിന് കക്ഷികൾക്ക് സൗകര്യങ്ങൾ ഏറെയുണ്ട്. മൂന്നുമാസമാണ് കേസുകളിൽ തീർപ്പുകല്പിക്കാനുള്ള പരമാവധികാലം. കേസ് വാദിക്കാൻ വക്കീലോ മുദ്രപത്രങ്ങളോ ആവശ്യമില്ല. രേഖാമൂലമായ പരാതി ഏതെങ്കിലും ചുമതലപ്പെടുത്തിയ വ്യക്തിക്കു മുൻപാകെ നൽകാതെ തപാലിലും അയയ്ക്കാം. ഉപഭോക്തൃതർക്കപരിഹാരത്തിന്റെ വിധി ആർക്കായാലും അത് അനുസരിക്കാത്തവർക്ക് തടവും പിഴയും നിർബന്ധമായിരിക്കും. പരാതിയ്ക്കൊപ്പം വേണ്ട രേഖകൾ വെള്ളക്കടലാസിൽ, മതിയായ രേഖകളുടെ പകർപ്പുകൾ (ബിൽ, ഗ്യാരണ്ടികാർഡ് തുടങ്ങിയ തെളിവുകൾ), കൈയൊപ്പ് തുടങ്ങിയവ അപേക്ഷയിൽ വേണം. ആവശ്യപ്പെടുന്ന വിശദീകരണവും നഷ്ടപരിഹാരത്തുകയും കാണിച്ചിരിക്കണം. എതിർകക്ഷിയുടെ വിലാസവും മറ്റും വ്യക്തമായും കൃത്യമായും അപേക്ഷയിൽ വേണം. ഉത്പന്നത്തിന്റെ നിലവാരമില്ലായ്മ, കേടുപാടുകൾ, സേവനത്തിലെ പോരായ്മ എല്ലാം വ്യക്തമാക്കണം. ഫീസ് നിരക്കുകൾ അപേക്ഷയ്ക്കൊപ്പം ഫീസുമുണ്ട്. 1 ലക്ഷം രൂപ വരെ നഷ്ടപരിഹാരം ആവശ്യപ്പെടുന്നവയ്ക്ക് 100 രൂപ, 1 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ 200, 5 മുതൽ 10 ലക്ഷം വരെ 400, 10 മുതൽ 20 ലക്ഷം വരെ 500, 50 ലക്ഷംവരെ 2000, 1 കോടിവരെ 4000, 1 കോടിക്കുമുകളിലാണെങ്കിൽ 5000 എന്നിങ്ങനെയാണ് ഫീസുകൾ. ദാരിദ്ര്യരേഖയ്ക്കു കീഴെയുള്ളവരെന്ന തെളിവുണ്ടെങ്കിൽ 1 ലക്ഷം രൂപ വരെ ഫീസ് വേണ്ടതില്ല. ഇത്രയും തുകയ്ക്കുള്ള ഡി.ഡി.യാണ് ഒപ്പം വെക്കേണ്ടത്. ഉപഭോക്തൃഫോറം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഫോറത്തിന്റെ വെബ്സൈറ്റിൽ ലഭിക്കും. വിലാസം: ncdrc.nic.in ഗുണമേന്മാ ചിഹ്നങ്ങൾ സാധനങ്ങളുടെ ഗുണനിലവാരം കാണിക്കുന്നവയാണ് ഗുണമേന്മാ ചിഹ്നങ്ങൾ. ഇത്തരം ചിഹ്നങ്ങൾ ഉള്ള കമ്പനി സാധനങ്ങൾ ഉണ്ട്. അഗ് മാർക്ക്, ഐഎസ്ഐ, എച്ച്എസിപി തുടങ്ങിയവ ഉദാഹരണം. സാധനത്തിന്റെ ഗുണമേന്മയും അളവിലെ കൃത്യതയും പരിശുദ്ധിയും വിലയും മനസ്സിലാക്കിത്തരാൻ ഐഎസ്ഐ മുദ്ര നമ്മളെ സഹായിക്കുന്നു. സർക്കാർ സ്ഥാപനമായ ബ്യൂറോ ഓഫ് സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ BIS മുദ്ര നോക്കി വാങ്ങണമെന്ന് പറയാറില്ലേ? ഗുണമേന്മയുള്ള സാധനങ്ങൾ ഉപഭോക്താവിനു ലഭിക്കുന്നതിനും കൺസ്യൂമറുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമാണ് BIS എന്ന സർക്കാർ സ്ഥാപനം നിലകൊള്ളുന്നത്. ഇത്തരം മുദ്രകൾ വ്യാജമായി പതിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാലും പരാതി നൽകാവുന്നതാണ്. കൺസ്യൂമറും സേവനങ്ങളും ആവശ്യമായ പണം നൽകി (നൽകാമെന്ന കരാറിലോ) ഏതെങ്കിലും ഉത്പന്നമോ സേവനമോ സ്വീകരിക്കുന്ന ആളാണ് ഉപഭോക്താവ് (Consumer). ഒരു മൊട്ടുസൂചി വാങ്ങുന്നവനും കൺസ്യൂമർ ആണ്. സേവനമെന്നത് വാടകയിനത്തിലാണ് എങ്കിലും അങ്ങനെതന്നെ. വെള്ളം, വൈദ്യുതി, ഫോൺ, ഗതാഗതം, ബാങ്കിങ്, ഇൻഷുറൻസ്, വിദ്യാഭ്യാസം, വിനോദം, ചികിത്സ, വാർത്താവിനിമയം, ടിക്കറ്റും പാസും വെച്ചുള്ള പരിപാടികൾ, ലോഡ്ജുകൾ, സത്രങ്ങൾ, താത്കാലിക വസതികൾ എല്ലാം ഇതിന്റെ പരിധിയിൽ വരുന്നു. 1986ലെ നിയമപുസ്തകത്തിലെ (ഉപഭോക്തൃ സംരക്ഷണനിയമം) ഡി. ഉപവകുപ്പിലത്രെ ഈ നിർവചനങ്ങളുള്ളത്. ഗുണമില്ലായ്മയും പോരായ്മയും ഉത്പന്നം, സേവനം എന്നിങ്ങനെ രണ്ടു വിധത്തിലുണ്ട് കൺസ്യൂമറുടെ അവകാശങ്ങൾ. ഉത്പന്നമാണെങ്കിൽ അവയുടെ ഗുണമില്ലായ്മയ്ക്കും സേവനമാണെങ്കിൽ പോരായ്മയ്ക്കെതിരേയുമാണ് പരാതി നൽകേണ്ടത്. ഇലക്ട്രോ ണിക്സ് സാധനങ്ങൾ ഗ്യാരണ്ടിക്കു മുൻപുതന്നെ കേടായി, കച്ചവടക്കാരൻ മടക്കിനൽകാനോ റിപ്പയർ ചെയ്യാനോ തയ്യാറാകുന്നില്ലെങ്കിൽ സാധനത്തിന്റെ പോരായ്മയായി കാണാം. നോക്കി വാങ്ങാതെ, കേടുള്ളത് പിന്നീട് കണ്ടുവെന്നതിന് പരാതിയായി സ്വീകരിക്കില്ല എന്നു പറയാൻ കച്ചവടക്കാരനോ, നിർമ്മാതാവിനോ അവകാശമില്ലെന്നും നിയമം അടിവരയിടുന്നുണ്ട്. റിപ്പയറിങ്ങിന് കൂടുതൽ സമയമെടുക്കുന്നതുപോലും ന്യൂനതയാണ്. പരാതി പറയുംമുൻപ് ശ്രദ്ധിക്കുക പായ്ക്കു ചെയ്ത സാധനങ്ങൾ വാങ്ങുമ്പോൾ കമ്പനിയുടെ പേരുമാത്രം പോര. ബാർകോഡുമായി ബന്ധപ്പെട്ട വിവരങ്ങൾ ശ്രദ്ധിക്കണം. പേര്, പായ്ക്കു ചെയ്ത തീയതി, നെറ്റ് വെയ്റ്റ് (തൂക്കം), തീയതിയുടെ കാലാവധി, പരമാവധി ചില്ലറ വില്പന വില എന്നിവ. അളന്നും തൂക്കിയുമാണ് സാധനങ്ങൾ വാങ്ങുന്നതെങ്കിൽ അവയ്ക്കുപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാണോ എന്ന് നോക്കണം. അളവിലും തൂക്കത്തിലും കൃത്രിമം കാട്ടിയാണ് അമിതലാഭമുണ്ടാക്കുന്നത് എന്ന പരമാർഥം ഓരോ ഉപഭോക്താവും അറിഞ്ഞിരിക്കണം.