ഭക്തരെ തടയുക സർക്കാരിന്റെ ലക്ഷ്യമല്ല; സംസ്ഥാനത്തെ ആരാധനാലയങ്ങൾ ഉടൻ തുറക്കില്ലെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങൾ ഉടൻ തുറക്കില്ല. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. വിശ്വാസികളുടെ സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ആരാധനാലയങ്ങൾ തുറക്കാത്തത്. ആളുകൾ കൂട്ടം കൂടുന്നത് രോഗവ്യാപനം വർധിക്കാനിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രങ്ങളും പള്ളികളും എപ്പോൾ തുറക്കുമെന്ന് പറയാൻ കഴിയില്ല.. രോഗവ്യാപനം കുറഞ്ഞതിന് ശേഷം ഇക്കാര്യത്തിൽ ഇളവ് അനുവദിക്കും. ഭക്തരെ തടയുക സർക്കാരിന്റെ ലക്ഷ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ ആരാധനാലയങ്ങൾ തുറക്കണമെന്ന് വിവിധ മതവിഭാഗങ്ങളും സംഘടനകളും നിരന്തരം ആവശ്യം ഉന്നയിക്കുകയാണ്. മലങ്കര ഓർത്തഡോക്സ് സഭ, കേരള മുസ്ലീം ജമാഅത്ത് ഫെഡറേഷൻ, എൻഎസ്എസ് എന്നീ സംഘടനകൾ ആരാധനാലയങ്ങൾ തുറക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.