ചരിത്രത്തിലാദ്യം; കരസേനയുടെ യുദ്ധഹെലികോപ്റ്ററുകൾ പറത്താൻ ഇനി വനിതകളും

ന്യൂഡൽഹി: യുദ്ധദൗത്യങ്ങൾക്ക് ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകളിൽ ഇനി വനിതാ പൈലറ്റുമാരും. യുദ്ധദൗത്യങ്ങൾക്ക് ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകളിൽ പൈലറ്റുമാരാകാൻ രണ്ടു വനിതകളെ തെരഞ്ഞെടുത്തു. ഇന്ത്യൻ കരസേനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു തീരുമാനം.

മഹാരാഷ്ട്രയിലെ നാസിക്കിലുള്ള കരസേനയുടെ പ്രീമിയർ കോംബാറ്റ് ആർമി ഏവിയേഷൻ ട്രെയിനിംഗ് സ്‌കൂളിൽ വനിതാ പൈലറ്റുമാർക്ക് പരിശീലനം നൽകും. 2022 ജൂലൈ മാസത്തോടെ ഇവർക്കുള്ള പരിശീലനം പൂർത്തിയാകും.

കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെ കരസേനയുടെ വ്യോമ വിഭാഗത്തിൽ വനിതകളെ നിയമിക്കാനുള്ള ശുപാർശ അംഗീകരിച്ചതിനെ തുടർന്നാണ് യുദ്ധദൗത്യങ്ങൾക്ക് ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകളിലെ പൈലറ്റുമാരാകാൻ വനിതകളെ തെരഞ്ഞെടുത്തത്. പതിനഞ്ച് വനിതാ ഓഫീസർമാണ് കരസേനയുടെ വ്യോമ വിഭാഗത്തിൽ ചേർന്നത്. പൈലറ്റ് അഭിരുചി പരീക്ഷയ്ക്കും വൈദ്യ പരിശോധനയ്ക്കും ശേഷം രണ്ടു പേരെ പൈലറ്റ് പരിശീലനത്തിനായി തെരഞ്ഞെടുക്കുകയായിരുന്നു.

വ്യോമസേനയുടെയും നാവികസേനയുടെയും വനിതാ ഓഫീസർമാർ ഹെലികോപ്റ്ററുകൾ പറത്താറുണ്ട്. എന്നാൽ കരസേനയുടെ വ്യോമവിഭാഗത്തിൽ പുരുഷന്മാർ മാത്രമാണ് പൈലറ്റുമാരായുള്ളത്.