പ്രതിപക്ഷ നേതാവ് ആരെന്നതടക്കമുള്ള തീരുമാനം വൈകുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍

പ്രതിപക്ഷ നേതാവ് ആരെന്നതടക്കമുള്ള തീരുമാനം വൈകുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍. പാര്‍ട്ടിയില്‍ നിന്നകന്ന വിഭാഗങ്ങളെ തിരിച്ചെത്തിക്കാന്‍ കെല്‍പ്പുള്ളയാളെ പ്രതിപക്ഷനേതാവാക്കണം. കോണ്‍ഗ്രസിന്റെ അസ്ഥിത്വം ചോദ്യംചെയ്യപ്പെടുന്ന കാലത്ത് ഗ്രൂപ്പ് സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാല്‍ അങ്ങേയറ്റം അപകടമാകുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

കോണ്‍ഗ്രസ് സംഘടനാതലത്തില്‍ സമ്പൂര്‍ണ അഴിച്ചുപണിവേണമെന്ന് കെ. മുരളീധരന്‍ എം.പി. സ്ഥാനമാനങ്ങളില്‍ ഗ്രൂപ്പ് വീതം വെപ്പ് ഒഴിവാക്കണം. തനിക്ക് ഒരു സ്ഥാനവും വേണ്ടെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ തലമുറമാറ്റം വേണമെന്നും കെ.മുരളീധരന്‍ കോഴിക്കോട് പ്രതികരിച്ചു.നേരത്തെ പാര്‍ട്ടിയുടെ അടിത്തറ തകര്‍ന്നുവെന്ന് കെ. മുരളീധരനും പറഞ്ഞിരുന്നു.കോണ്‍ഗ്രസ് പരാജയത്തെ പരാജയമായി തന്നെ കാണുന്നുവെന്നും പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ വികാരമല്ല വിവേകമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

24 ന് പ്രതിപക്ഷ നേതാവ് സഭയില്‍ ഉണ്ടാകുമെന്നും മുരളീധരന്‍ പറഞ്ഞു.പ്രതിപക്ഷ നേതാവ് ആരെന്ന കാര്യത്തില്‍ എം.എല്‍എമാര്‍ അഭിപ്രായം പറയുമെന്നും സംഘടന തലത്തില്‍ മൊത്തം അഴിച്ചു പണി വേണമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.പരാജയത്തിന് കാരണം പാര്‍ട്ടിയ്ക്ക് ശരിയായ അടിത്തറ ഇല്ലാതായതാണ്. ഹൈക്കമാന്‍ഡ് നന്നായി നയിച്ചു. പക്ഷെ അത് വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞില്ല. സ്ഥാനമാനങ്ങള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതം വെക്കുന്നത് ശരിയല്ല. എനിക്ക് ഒരു ചുമതലയും വേണ്ട. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണം. ഞാന്‍ മാറിത്തരാന്‍ തയ്യാറാണ്’, മുരളീധരന്‍ പറഞ്ഞു.