തിരുവനന്തപുരം : കോവിഡിന്റെ രണ്ടാം തരംഗത്തിലും ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമായി നടന്‍ മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍. വിവിധ ആശുപത്രികളിലായി ഓക്‌സിജന്‍ ലഭ്യതയുള്ള 200ലധകിം കിടക്കകള്‍ വിശ്വശാന്തി ഫൗണ്ടേഷന്‍ ലഭ്യമാക്കിയതായി പ്രസ്ഥാനത്തിന്റെ വക്താവ് അറിയിച്ചു. ഇതിനോടൊപ്പം, വെന്റിലേറ്റര്‍ സംവിധാനത്തോടു കൂടിയ പത്തോളം ഐ സി യു ബെഡ്ഡുകളും പ്രവര്‍ത്തനസജ്ജമാക്കി. കോവിഡ് രോഗികളുടെ ചികിത്സാര്‍ത്ഥം, 1 .5 കോടിയോളം വില വരുന്ന മെഡിക്കല്‍ ഉപകരണങ്ങളാണ് ആശുപത്രികള്‍ക്ക് വിശ്വശാന്തി നല്‍കുന്നത്.കോവിഡ് രോഗവ്യാപനം തീവ്രമായ, രാജ്യത്തെ അനേകം നഗരങ്ങളില്‍ ചികിത്സാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനായി, ഇത്തരത്തില്‍ സൗകര്യമൊരുക്കാനുള്ള പദ്ധതി വിശ്വശാന്തി ഫൗണ്ടേഷന്‍ അടിയന്തിരമായി ആസൂത്രണം ചെയ്തു വരുന്നുവെന്ന് വക്താവ് അറിയിച്ചു. കോവിഡിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായ ഈ പദ്ധതിയില്‍ വിശ്വശാന്തിയോടൊപ്പം സഹകരിച്ച ഇവൈ ജിഡിഎസ്, യു എസ് ടി എന്നീ സ്ഥാപനങ്ങള്‍ക്കും, പങ്കാളികളായ എല്ലാ ആശുപത്രികള്‍ക്കും നന്ദി അറിയിക്കുന്നതായും വക്താവ് കൂട്ടിച്ചേര്‍ത്തു.
കേരള സര്‍ക്കാരിന്റെ കാസ്പ് പദ്ധതിയില്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന താഴെ പറയുന്ന ആശുപത്രികളെയാണ്, ഈ പദ്ധതിയില്‍ പങ്കാളികളായി വിശ്വശാന്തി ഫൗണ്ടേഷന്‍ തെരെഞ്ഞെടുത്തിട്ടുള്ളത്.
- ഗവ.മെഡിക്കല്‍ കോളേജ്, കളമശ്ശേരി
- ഇന്ദിരാ ഗാന്ധി കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റല്‍, എറണാകുളം
- ലക്ഷ്മി ഹോസ്പിറ്റല്‍, എറണാകുളം & ആലുവ
- എസ് പി ഫോര്‍ട്ട് ഹോസ്പിറ്റല്‍, തിരുവനന്തപുരം
- സുധീന്ദ്ര മെഡിക്കല്‍ മിഷന്‍, എറണാകുളം
- ആറ്റുകാല്‍ ദേവി ട്രസ്റ്റ് ഹോസ്പിറ്റല്‍, തിരുവനന്തപുരം
- കൃഷ്ണ ഹോസ്പിറ്റല്‍, എറണാകുളം
- ഭാരത് ഹോസ്പിറ്റല്‍, കോട്ടയം
- സറഫ് ഹോസ്പിറ്റല്‍, എറണാകുളം
- സേവന ഹോസ്പിറ്റല്‍, പാലക്കാട്
- ലോര്‍ഡ്‌സ് ഹോസ്പിറ്റല്‍, തിരുവനന്തപുരം
- ലേക്ഷോര്‍ ഹോസ്പിറ്റല്‍, എറണാകുളം
- ഗവ.താലൂക്ക് ഹോസ്പിറ്റല്‍, പട്ടാമ്പി

