മാംഗോ മൊബൈല്‍ ഉദ്ഘാടന ആരോപണം : മുഖ്യമന്ത്രിക്ക് മറുപടിയുമായി പി.ടി. തോമസ് എം.എല്‍.എ

തിരുവനന്തപുരം: മാംഗോ മൊബൈല്‍ ഉദ്ഘാടന ആരോപണത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി പി.ടി. തോമസ് എം.എല്‍.എ. കുപ്രസിദ്ധ കുറ്റവാളിയോടൊപ്പം മുഖ്യമന്ത്രി നില്‍ക്കുന്ന ചിത്രവും പി.ടി തോമസ് വാര്‍ത്താസമ്മേളനത്തില്‍ പുറത്ത് വിട്ടു. ഈ ചിത്രം കണ്ടിട്ട് താനാണോ മാപ്പ് പറയേണ്ടതെന്ന് പി.ടി. തോമസ് ചോദിച്ചു.

പി.ടി തോമസിന്റെ വാക്കുകള്‍- മുഖ്യമന്ത്രിക്ക് കൈകൊടുത്ത് നില്‍ക്കുന്നയാളാണ് ഈ കുപ്രസിദ്ധ കേസിലെ ഒന്നാമത്തെയാള്‍. ഇത് യഥാര്‍ത്ഥ പടത്തില്‍ നിന്ന് എടുത്തതാണ്. ഇത് സഭയില്‍ ഞാന്‍ കാണിച്ചു. 2017 ജനുവരി 22ന് നിശ്ചയിച്ചിരുന്ന ഉദ്ഘാടനം വിജിലന്‌സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മാറ്റിവെച്ചതിന് ശേഷം, 2017 ഫെബ്രുവരി 16,18,20, 24 തീയതികളില്‍ ദേശാഭിമാനി മാംഗോയുടെ പരസ്യം കൊടുത്തതിന് ശേഷം ഇങ്ങനെ ഒരാള്‍ക്ക് സൗഹാര്‍ദപരമായി, ചിരപരിചിതനായി കൈ കൊടുക്കുന്നതില്‍ എന്തെങ്കിലും അര്‍ഥമുണ്ടോയെന്ന് കേരളം തീരുമാനിക്കട്ടെ. എം.ടിയെ ആദരിക്കുന്ന ചടങ്ങ് 24നായിരുന്നു. അവിടെവെച്ചാണ് കൈ കൊടുത്തതെന്നാണ് വിചാരിക്കുന്നത്. ഇല്ലെങ്കില് ഈ വാര്‍ത്ത മുഖ്യമന്ത്രി നിഷേധിച്ചോട്ടെ.കര്‍ണാടക പോലീസ് ഇയാളെ അറസ്റ്റ് ചെയ്യാന് വയനാട്ടില് വന്നപ്പോള്‍ പോലീസിനെ ഓടിച്ചിട്ട് അടിച്ചതിന്റെ കേസുണ്ട്. ലുക്കൗട്ട് നോട്ടീസുണ്ട്. ദുബായില്‍ ഇവര്‍ അറസ്റ്റിലായിട്ടുണ്ട്. മാറി നില്ക്ക് എന്ന് രീതിയില്‍ നിങ്ങളോട് പറഞ്ഞ രീതിയില്‍ ഇയാളുടെ കൈ തട്ടിക്കളഞ്ഞിരുന്നെങ്കില്‍ ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത് ശരിയായിരുന്നു. ഞാന്‍ സഭയില്‍ മാപ്പും പറഞ്ഞേനെ.എന്നാല്‍ മുഖ്യമന്ത്രിക്ക് ഇവരുമായി ബന്ധമുണ്ടെന്നോ മരംമുറി കേസുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്നോ ആരോപിക്കുന്നില്ല. ചിത്രം പുറത്തുവിട്ടത് കേസിലെ പ്രതികളെ മുഖ്യമന്ത്രിക്ക് അറിയാമായിരുന്നുവെന്നും ചടങ്ങില്‍ പങ്കെടുക്കാന്‍ താനല്ല പോയതെന്ന് മുഖ്യമന്ത്രി സഭയില്‍ നല്കിയ മറുപടി തെറ്റാണെന്ന് തെളിയിക്കാനാണ്.