കൊടകര കുഴൽപ്പണ കേസ്; കെ സുരേന്ദ്രന് പിന്തുണയുമായി ബിജെപി കേന്ദ്ര നേതൃത്വം

ന്യൂഡൽഹി: കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രനും ബി.ജെ.പി. സംസ്ഥാന ഘടകത്തിനും പിന്തുണ അറിയിച്ച് കേന്ദ്ര നേതൃത്വം. ബിജെപി ദേശീയാദ്ധ്യക്ഷൻ ജെ പി നദ്ദയുമായി കെ സുരേന്ദ്രൻ ഇന്ന് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സംസ്ഥാന സർക്കാരിനെതിരെ പോരാട്ടം ശക്തമാക്കാൻ ജെ പി നദ്ദ നിർദ്ദേശം നൽകിയതായി കൂടിക്കാഴ്ച്ചയ്ക്ക് ശേഷം സുരേന്ദ്രൻ അറിയിച്ചു. സംസ്ഥാനത്തെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം സംബന്ധിച്ച് നദ്ദയെ അറിയിച്ചതായി സുരേന്ദ്രൻ വ്യക്തമാക്കി.

കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വത്തിനും കെ സുരേന്ദ്രനുമെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ജെ പി നദ്ദയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയത്. നദ്ദയുടെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. കേന്ദ്രമന്ത്രി വി. മുരളീധരനും കെ സുരേന്ദ്രനൊപ്പം ഉണ്ടായിരുന്നു. സംസ്ഥാന സർക്കാരിന്റെ വിദ്വേഷ രാഷ്ട്രീയത്തിനും കള്ളക്കേസുകൾക്കും എതിരായി ശക്തമായി പ്രതികരിക്കണമെന്ന് ജെപി നദ്ദ പറഞ്ഞതായി കെ സുരന്ദ്രൻ കൂട്ടിച്ചേർത്തു.