ജലനിരപ്പും, ഡാം തുറക്കുന്നതുമൊക്കെ അറിയാന്‍ വെബ്‌സൈറ്റ്

പത്തനംതിട്ട: പ്രളയഭീതിയിലുള്ള പത്തനംതിട്ട ജില്ലക്കാര്‍ക്ക് ആശ്വാസവുമായി വെബ്‌സൈറ്റ്. ഇത്തവണ ജലനിരപ്പ് ഉയരുന്നതും, ഡാം തുറക്കുന്നതുമൊക്കെ ഈ വെബ്‌സൈറ്റിലൂടെ നാട്ടുകാരെ അറിയിക്കും. പത്തനംതിട്ട ജില്ലയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ തന്നെയാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. വാട്ടര്‍ ലെവല്‍ എന്ന തലക്കെട്ടോടെയാണ് ജലനിരപ്പ്, ഡാം തുറക്കുന്നത് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. https://pathanamthitta.nic.in/water-levelഎന്ന വെബ് പേജ് വഴി അതത് ദിവസത്തെയും തലേദിവസത്തെയും വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും.

ജില്ലയിലെ പ്രധാന അണക്കെട്ടുകളായ കക്കി-ആനത്തോട്, പമ്പ, മണിയാര്‍, മൂഴിയാര്‍ എന്നീ ഡാമുകളിലെ ജലനിരപ്പ് അതത് ദിവസം അപ്‌ഡേറ്റ് ചെയ്യും. അണക്കെട്ടിലെ വിവരങ്ങള്‍ മാത്രമല്ല, നദികളിലെ ജലനിരപ്പ്, മഴയുടെ അളവ് എന്നിവയും ഈ വെബ് പേജ് വഴി ലഭ്യമാകും. കുരുടാമണ്ണില്‍, മാരാമണ്‍, ആറന്‍മുള, മാലക്കര എന്നിവിടങ്ങളിലെ നിരീക്ഷണ സൂചകങ്ങള്‍ വഴിയാണ് ജലനിരപ്പ് രേഖപ്പെടുത്തുന്നത്. ഇതു കൂടാതെ മഴ സംബന്ധിച്ച വിശദ വിവരങ്ങളും പേജില്‍ ലഭ്യമാകും.

വിവിധ നദികളിലെ വൃഷ്ടിപ്രദേശങ്ങളിലെ മഴയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇവിടെ ലഭ്യമാക്കുന്നത്. ഇത് ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച് മുന്‍കൂര്‍ മനസിലാക്കാന്‍ സഹായിക്കും. പ്രളയ സാധ്യതയുണ്ടായാല്‍ ആളുകള്‍ക്ക് ആവശ്യമായ മുന്നൊരുക്കം നടത്താന്‍ ഈ വെബ് പേജ് സഹായിക്കുമെന്നാണ് വിലയിരുത്തല്‍. 2018-ലെ പ്രളയത്തില്‍ ഏറ്റവുമധികം രൂക്ഷത അനുഭവിച്ച ജില്ലയാണ് പത്തനംതിട്ട. പമ്പ, അച്ചന്‍കോവില്‍, മണിമല തുടങ്ങിയ ജില്ലയിലെ നദികളെല്ലാം അന്ന് കരകവിഞ്ഞു ഒഴുകിയിരുന്നു. നിരവധിയാളുകളെയാണ് പ്രളയം സാരമായി ബാധിച്ചത്.