തിരുവനന്തപുരം: രാജ്യസഭ സീറ്റ് ചർച്ചയിൽ നിലപാട് കടുപ്പിച്ച് സിപിഐ. രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ച ഇല്ലെന്നും സീറ്റ് ഒരു കാരണവശാലും വിട്ടുതരില്ലെന്നുമുള്ള നിലപാടിലാണ് സിപിഐ. പാർട്ടിക്ക് അർഹമായ സീറ്റാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി.
രാജ്യസഭാ സീറ്റ് സംബന്ധിച്ച് എൽഡിഎഫിൽ ധാരണ ആയില്ലെന്നും ആശയപരമായ ഒരു ചർച്ച പൂർത്തിയായി എന്നും ബിനോയ് വിശ്വം അറിയിച്ചു. സീറ്റ് കിട്ടിയേ മതിയാകൂ. കേരള കോൺഗ്രസിന്റെ കാര്യം തനിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുന്നണിയുടെ കെട്ടുറപ്പിന് സഹകരിക്കണമെന്നാണ് സിപിഎം ആവശ്യപ്പെടുന്നത്. കേരള കോൺഗ്രസ് മുന്നണി വിടുമെന്ന ആശങ്കയും സിപിഎം പങ്കുവെച്ചു. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളുമായി ചർച്ച നടന്നുവെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയും അറിയിച്ചു. സീറ്റ് വേണമെന്ന ആവശ്യം സിപിഎം നേതാക്കൾ കേട്ടു. എൽഡിഎഫിൽ ധാരണയുണ്ടാകുമെന്നും ജോസ് കെ മാണി വിശദമാക്കി.

