ഇന്ത്യൻ തെരഞ്ഞെടുപ്പിൽ ഇസ്രായേലി സംഘം ഇടപെട്ടെന്ന ആരോപണത്തിൽ അന്വേഷണം വേണം; ആവശ്യവുമായി കോൺഗ്രസ്

ന്യൂഡൽഹി: ഇന്ത്യൻ തെരഞ്ഞെടുപ്പിൽ ഇസ്രായേലി സംഘം ഇടപെട്ടെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്. കോൺഗ്രസ് വക്താക്കളായ പവൻ ഖേരയും സുപ്രിയ ശ്രീനതേയുമാണ് ഇക്കാര്യം അറിയിച്ചത്. വിഷയത്തിൽ സർക്കാർ മൗനം വെടിയണമെന്ന് ഇവർ ആവശ്യപ്പെട്ടു.

തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നതിൽ ഇസ്രായേലി കോൺട്രാക്ടർമാരുടെ സംഘമായ ‘ടീം ജോർജും’ ബിജെപി ഐടി സെല്ലും തമ്മിൽ സമാനത പുലർത്തി. രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കാൻ ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തി. ഇന്ത്യയടക്കമുള്ള മുപ്പതോളം രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ ഇടപെടാൻ ഇസ്രായേൽ സംഘമായ ‘ടീം ജോർജ്’ വ്യാജ സോഷ്യൽ മീഡിയ പ്രചാരണത്തിനായി ഒരു സോഫ്റ്റ് വെയർ ഉപയോഗിച്ചതായും റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഈ വിഷയത്തിൽ സർക്കാർ മൗനം വെടിഞ്ഞ് രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കുന്നതിൽ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് പറയണമെന്ന് ഇവർ അറിയിച്ചു.

ഗുരുതരമായ ആരോപണം ഉന്നയിക്കുമ്പോൾ മറുപടി നൽകേണ്ടത് കേന്ദ്രത്തിന്റെ ചുമതലയാണ്. ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയെ നേരിട്ട് ബാധിക്കുന്ന വിഷയമാണ്. സർക്കാർ ഇക്കാര്യത്തിൽ ഒന്നും ചെയ്യുന്നില്ലെങ്കിൽ രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയിൽ ഇടപെടാൻ സഹായം തേടുകയാണ്. ഇന്ത്യയുടെ ജനാധിപത്യത്തെ രാജ്യം ഭരിക്കുന്ന പാർട്ടി ഹൈജാക്ക് ചെയ്യുകയാണ്. രാജ്യത്തിന്റെ ജനാധിപത്യത്തെ സ്വാധീനിക്കാൻ ഇസ്രായേൽ ഏജൻസിയുടെ സഹായം തേടുന്നതിലൂടെ ഇന്ത്യയിൽ ഇരുന്ന് മറ്റ് രാജ്യങ്ങളുമായി ചേർന്ന് ഇന്ത്യയുടെ ജനാധിപത്യത്തിനെതിരെ ഗൂഢാലോചന നടത്തുകയാണെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.