നടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യർ അടക്കമുള്ള നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ അടക്കമുള്ള നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്ന് സുപ്രീം കോടതി. പ്രോസിക്യൂഷന്റെ തീരുമാനത്തിൽ ഇടപെടില്ലെന്നും സുപ്രീംകോടതി അറിയിച്ചു.

മഞ്ജുവിനെ വിസ്തരിക്കുന്നതിൽ എതിർപ്പുന്നയിച്ച് കേസിലെ പ്രതി ദിലീപ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലം കോടതി തള്ളുകയും ചെയ്തു. പ്രോസിക്യൂഷൻ മുന്നോട്ട് വച്ച എല്ലാ സാക്ഷികളുടേയും വിസ്താരം തുടരാം. വിസ്താരമടക്കമുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും കോടതി വ്യക്തമാക്കി. അതേസമയം, ഇതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് മാർച്ച് 24 ലേക്ക് മാറ്റി.

ബാലചന്ദ്രകുമാർ ഹാജരാക്കിയ വോയിസ് ക്ലിപ്പിലെ ദിലീപിന്റെയും സഹോദരന്റെയും സഹോദരിയുടെയും സഹോദരീ ഭർത്താവിന്റെയും ശബ്ദം തിരിച്ചറിയുന്നതിനാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണക്കോടതിയെ സമീപിച്ചത്. മഞ്ജു വാര്യരെ ചോദ്യം ചെയ്യാൻ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്ന കാരണങ്ങൾ വ്യാജമാണെന്നായിരുന്നു ദിലീപ് സുപ്രീം കോടതിയിൽ വ്യക്തമാക്കിയത്.