വിദ്യാഭ്യാസ മേഖലയെ ചേര്‍ത്തുപിടിച്ച് പിടിച്ച് ബജറ്റ്‌

സംസ്ഥാന ബജറ്റില്‍ 1773.09 കോടി രൂപയാണ് വിദ്യാഭ്യാസ മേഖലയ്ക്ക് പദ്ധതി വിഹിതമായി വകയിരുത്തിയിരിക്കുന്നത്. സ്‌കൂളുകള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി 95 കോടി അനുവദിച്ചതിനൊപ്പം തന്നെ സര്‍വകലാശാലകളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മികവ് ലക്ഷ്യമാക്കി 816.79 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. ഗെസ്റ്റ് ലക്ചറര്‍മാരുടെ പ്രതിഫലം വര്‍ധിപ്പിക്കുന്നതിനൊപ്പം ഭൗതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ കോളജുകള്‍ക്ക് 98.35 കോടി രൂപയും അനുവദിച്ചു. മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 14 കോടിയും ഉന്നത വിദ്യാഭ്യാസ കമ്മീഷന് 19 കോടിയും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, കണ്ണൂര്‍ സര്‍വകലാശാലയില്‍ സെന്റര്‍ ഫോര്‍ അറ്റ്മോസ്ഫെറിക് സയന്‍സ്, കോസ്റ്റല്‍ ഇക്കോ സിസ്റ്റം സ്റ്റഡീസ്, ക്വാണ്ടം കംപ്യൂട്ടിങ് സെന്റര്‍, പെട്രെമിക്സ് ആന്‍ഡ് ജെനോമിക് റിസര്‍ച്ച് സെന്റര്‍ എന്നിവയ്ക്ക് ധനസഹായവും നല്‍കും. തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ 30 കോടി ചെലവില്‍ അക്കാദമിക് കോംപ്ലക്സ് സ്ഥാപിക്കും. തൊഴില്‍ നൈപുണ്യ വികസനത്തിനായി അസാപ്പിന് (അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം) 35 കോടിയും പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ എന്‍ജീനീയറിങ് കോളജുകള്‍, പോളിടെക്നിക്കുകള്‍ എന്നിവയുടെ വികസനത്തിനും തുക വകയിരുത്തി.

കണ്ണൂരിലെ പിണറായിയില്‍ പുതിയ പോളിടെക്നിക്ക് ആരംഭിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനവുമുണ്ടായി. സയന്‍സ് ആന്‍ഡ് ടെക്നോളജി മ്യൂസിയത്തിന്റെ തിരുവനന്തപുരം, ചാലക്കുടി, പരപ്പനങ്ങാടി പ്രദേശിക കേന്ദ്രങ്ങള്‍, കോട്ടയം സയന്‍സ് സിറ്റി എന്നിവയ്ക്കായി 23 കോടി രൂപയും വകയിരുത്തി. ലോകത്തെ മികച്ച 200 സര്‍വകലാശാലകളില്‍ ഹ്രസ്വകാല ഗവേഷണ അസൈന്‍മെന്റുകള്‍ നേടുന്ന 100 ഗവേഷകര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കും. കേന്ദ്ര ബജറ്റിന്റെ ചുവടുപിടിച്ച് ഡിജിറ്റല്‍ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതിനായി 46 കോടിയും മാറ്റിവെച്ചു.