സംസ്ഥാനത്ത് 13 ആശുപത്രികളില്‍ എട്ടു വര്‍ഷത്തിനിടെ കാന്‍സര്‍ ചികിത്സ തേടിയത് രണ്ടേകാല്‍ ലക്ഷം പേര്‍

കൊച്ചി: കേരളത്തിലെ 13 പ്രധാന ആശുപത്രികളില്‍ കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ കാന്‍സര്‍ രോഗത്തിന് ചികിത്സ തേടിയത് ഏകദേശം രണ്ടേകാല്‍ ലക്ഷം പേരാണ്. തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിനെയാണ് ഏറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്നത്. 11,191പേരാണ് പുതിയ ചികിത്സ തേടിയത്. തുടര്‍ചികിത്സയ്ക്ക് 1,50,330 പേരാണ് ആര്‍.സി.സിയിലെത്തിയത്. പ്രതിദിനം 525 രോഗികളാണ് ആര്‍.സി.സിയില്‍ ചികിത്സ തേടിയെത്തുന്നത്. തലശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററിലാണ് ആര്‍.സി.സി കഴിഞ്ഞാല്‍ കൂടുതല്‍ പേര്‍ എത്തുന്നത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ 3,092 പേര്‍ ചികിത്സ തേടിയിട്ടുണ്ട്. ഇവരില്‍ 1598 പേര്‍ പുരുഷന്മാരാണ്. 57.1 ശതമാനം. 1494 പേര്‍ സ്ത്രീകളാണ്. 48.3 ശതമാനം. എറണാകുളത്തെ സ്വകാര്യ ആശുപത്രികളിലും ആയിരങ്ങള്‍ ചികിത്സ തേടി.

അതേസമയം, സംസ്ഥാനത്ത് ഭൂരിപക്ഷം രോഗികളും ചികിത്സയ്ക്ക് ആശ്രയിക്കുന്നത് സര്‍ക്കാര്‍ മേഖലയിലെ ആശുപത്രികളെയാണ്. 60.01 ശതമാനം രോഗികളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളില്‍ 39.9 ശതമാനമാണ് സ്വകാര്യ ആശുപത്രികളെ ആശ്രയിച്ചത്.

2014ല്‍ നിര്‍മാണം ആരംഭിച്ച കളശേരിയിലെ കൊച്ചി കാന്‍സര്‍ സെന്ററിന്റെ കെട്ടിടം ഇനിയും പൂര്‍ത്തിയായിട്ടില്ല. കെട്ടിടം പൂര്‍ത്തിയായി കേന്ദ്രം പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചാല്‍ ആയിരക്കണക്കിന് രോഗികള്‍ക്കാണ് ആശ്വാസമാവുക. രണ്ടു വര്‍ഷമായി ഇവിടത്തെ ഡയറക്ടര്‍ പദവിയും ഒഴിഞ്ഞുകിടക്കുകയാണ്. പുതിയ ഡയറക്ടറെ നിയമിക്കാന്‍ നടപടികള്‍ പൂര്‍ത്തിയായെങ്കിലും ഉത്തരവ് വന്നിട്ടില്ല. സ്പെഷ്യല്‍ ഓഫീസര്‍ തസ്തികയിലും ആളില്ല. കെട്ടിടം പൂര്‍ത്തിയായി കേന്ദ്രം പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചാല്‍ ആയിരക്കണക്കിന് രോഗികള്‍ക്ക് ആശ്വാസമാകും.