സംസ്ഥാനത്തെ കയര്‍ മേഖലയിലെ പ്രതിസന്ധി രൂക്ഷമാവുന്നു

സംസ്ഥാനത്ത് കഴിഞ്ഞ കാലങ്ങളില്‍ സംഭരിച്ച കയര്‍ ഉല്‍പ്പന്നങ്ങളുടെ വില ഇതുവരെ നല്‍കാത്തതും സംഭരണം നടത്താതെ കയറും കയറുല്‍പ്പന്നങ്ങളും കെട്ടികിടക്കുന്നതും മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. നാളെ നടക്കുന്ന സംസ്ഥാന ബജറ്റില്ലെങ്കിലും പരമ്പരാഗത കയര്‍ തൊഴിലാളികള്‍ക്ക് ഗുണമാകുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാകണമെന്നാണ് ആവശ്യം.

ചെറുകിട കയര്‍ മേഖലയ്ക്ക് മാത്രമായി 80 കോടി രൂപയെങ്കിലും മാറ്റിവയ്ക്കണമെന്നാണ് കേരള കയര്‍ ഗുഡ്സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ആവശ്യം. മേഖലയിലെ പ്രതിസന്ധി വര്‍ധിച്ചതോടെ കയര്‍ പിരി തൊഴിലാളികള്‍, ഫാക്ടറി തൊഴിലാളികള്‍, ഉല്‍പ്പന്ന തൊഴിലാളികള്‍ തുടങ്ങി ആയിരക്കണക്കിന് കുടുംബങ്ങള്‍ പട്ടിണിയിലാകുന്ന അവസ്ഥയാണുള്ളത്.

തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കുന്നതിലടക്കം പരിഹാരം കണ്ടെത്തി മേഖലയിലെ പ്രതിസന്ധി പരിഹരിക്കേണ്ടത് കയര്‍ വ്യവസായത്തിന്റെ നാടായ ആലപ്പുഴയിലെ ചെറുകിട കയര്‍ വ്യവസായത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്.