ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയ്ക്കായി ബജറ്റിൽ അനുവദിച്ചത് 2.4 ലക്ഷം കോടി രൂപ. ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളതിൽവച്ച് ഏറ്റവും ഉയർന്ന തുകയാണ് ഇത്തവണ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യത്തെ 50 വിനോദസഞ്ചാര കേന്ദ്രങ്ങൾ തിരഞ്ഞെടുത്ത് വികസിപ്പിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ആഭ്യന്തര – രാജ്യാന്തര വിനോദസഞ്ചാരികൾക്ക് പാക്കേജിന്റെ ഭാഗമായി ഇവ സന്ദർശിക്കാനുതകുന്ന തരത്തിലാവും വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുക. 157 പുതിയ നഴ്സിങ് കോളേജുകളും ആരംഭിക്കും.
രാജ്യത്ത് 50 പുതിയ വിമാനത്താവളങ്ങൾ ആരംഭിക്കും. ഹെലിപ്പാഡുകൾ, വാട്ടർ എയ്റോ ഡ്രോണുകൾ, ലാൻഡിങ് ഗ്രൗണ്ടുകൾ എന്നിവ നവീകരിച്ച് വ്യോമഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കും. നഗര വികസനത്തിനായി പ്രതിവർഷം 10,000 കോടി വീതം നീക്കിവെക്കും. പി.എം ആവാസ് യോജനയ്ക്ക് 79,000 കോടിയാണ് അനുവദിച്ചിട്ടുള്ളത്.
പ്രതിരോധ വകുപ്പിന് 5.94 ലക്ഷം കോടിയും പൊതുഗതാഗത വകുപ്പിന് 2.70 ലക്ഷം കോടിയും റെയിൽവേ വകുപ്പിന് 2.41 ലക്ഷം കോടിയും ഭക്ഷ്യ പൊതുവിതരണ വകുപ്പിന് 2.06 ലക്ഷം കോടിയും ആഭ്യന്തര വകുപ്പിന് 1.96 ലക്ഷം കോടിയും രാസവള വകുപ്പിന് 1.78 ലക്ഷം കോടിയും ഗ്രാമ വികസന വകുപ്പിന് 1.60 ലക്ഷം കോടിയും കൃഷി വകുപ്പിന് 1.25ലക്ഷം കോടിയും വാർത്താവിനിമയ വകുപ്പിന് 1.23 ലക്ഷം കോടിയും അനുവദിച്ചു.
രാജ്യത്തിന്റെ സാമ്പത്തിക നേട്ടങ്ങളിൽ വനിതാ പങ്കാളിത്തം ഉറപ്പു വരുത്തുക എന്നതിന്റെ ഭാഗമായി വലിയ രീതിയിൽ ഉള്ള ചുവടുവയ്പ്പാണ് നരേന്ദ്ര മോദി സർക്കാർ സ്വീകരിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ദീൻ ദയാൽ അന്ത്യയോജന ഗ്രാമ പദ്ധതിയിൽ സ്ത്രീകൾക്കായി 81 ലക്ഷം സ്വയം സഹായ സംഘങ്ങളുടെ ശാക്തീകരണം നടത്തി .ഇതിന്റെ തുടർ പദ്ധതിയെന്നോണം വൻകിട ഉത്പാദനശാലകൾ ഉടൻ തന്നെ ആരംഭിക്കും.
ഭക്ഷ്യസുരക്ഷയ്ക്ക് 2 ലക്ഷം കോടി രൂപ അനുവദിച്ചു. 9.6 കോടി പാചകവാതക കണക്ഷൻ നൽകി. മൂലധന നിക്ഷേപം പത്ത് ലക്ഷം കോടിയായി ഉയർത്തും. 2200 കോടി രൂപയുടെ ഹോർട്ടികൾച്ചർ പദ്ധതിയും അനുവദിച്ചു.

