പാഴ്‌സല്‍ ഭക്ഷണത്തിന് ഇനി സ്റ്റിക്കറുകള്‍ നിര്‍ബന്ധം; പരിശോധന ഇന്നു മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ ഹോട്ടലുകളിലും ബേക്കറികളിലും പാഴ്‌സലുകളില്‍ എത്ര സമയത്തിനകം ഭക്ഷണം കഴിക്കണമെന്നുള്ള സ്റ്റിക്കര്‍ നിര്‍ബന്ധമാക്കി. ഭക്ഷണം തയ്യാറാക്കിയ സമയവും സ്റ്റിക്കറില്‍ രേഖപ്പെടുത്തണം. സ്റ്റിക്കര്‍ ഇല്ലാത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നിരോധിച്ചിട്ടുണ്ട്.

പരിശോധന ഇന്നു മുതല്‍ തുടങ്ങുമെങ്കിലും ഫെബ്രുവരി 16 മുതലേ നടപടികളിലേക്ക് കടക്കൂവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിന് രണ്ടാഴ്ച കൂടി സാവകാശം നല്‍കിയിട്ടുണ്ട്. ഹെല്‍ത്ത് കാര്‍ഡ് എടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സാവകാശം വേണമെന്നുമുള്ള ഹോട്ടല്‍ സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് സാവകാശം അനുവദിച്ചത്. എല്ലാ റജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരും ആവശ്യമായ പരിശോധനകള്‍ നടത്തി അടിയന്തരമായി ഹെല്‍ത്ത് കാര്‍ഡ് നല്‍കേണ്ടതാണെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.