ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ഫെബ്രുവരി 27 ന് ലക്ഷദ്വീപ് ലോക്‌സഭാ മണ്ഡലത്തിൽ പ്രഖ്യാപിച്ചിരുന്ന ഉപതെരഞ്ഞെടുപ്പ് മരവിപ്പിച്ചു. മുൻ എംപി മുഹമ്മദ് ഫൈസലിനെതിരായ ശിക്ഷ കേരള ഹൈക്കോടതി മരവിപ്പിച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. തെരഞ്ഞെടുപ്പ് വിജ്ഞാപനമിറക്കുന്നത് മാറ്റിവയ്ക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടി സ്വീകരിക്കുകയെന്ന് കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

വധശ്രമക്കേസിൽ ലക്ഷദ്വീപ് മുൻ എം പി മുഹമ്മദ് ഫൈസിനെ കവരത്തി കോടതി ശിക്ഷിച്ചതിന് പിന്നാലെയാണ് ലക്ഷദ്വീപിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാൽ മേൽ കോടതിയിൽ അപ്പീലടക്കം ഇരിക്കെ ധൃതിപ്പിടിച്ചാണ് കമ്മീഷൻ തീരുമാനമെന്നും ഇത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കപ്പെടുകയായിരുന്നു. ഹൈക്കോടതി ഫൈസലിന്റെ ശിക്ഷവിധി മരവിപ്പിച്ച സാഹചര്യത്തിൽ ഈക്കാര്യം കണക്കിലെടുക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നു.

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് 10 വർഷം തടവ് ശിക്ഷയാണ് കവരത്തി ജില്ലാ സെഷൻസ് കോടതി വിധിച്ചത്. മുഹമ്മദ് ഫൈസലിന്റെ സഹോദരങ്ങൾ ഉൾപ്പെടെ നാലുപേർക്കായിരുന്നു ശിക്ഷ വിധിച്ചത്. 2009 ലെ തെരഞ്ഞെടുപ്പിന് ഇടയിൽ ഉണ്ടായ സംഘർഷത്തിൽ മുഹമ്മദ് സാലിഹ് എന്ന കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ച് ഇവർ ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു. ഈ കേസിലാണ് കോടതി വിധി പ്രസ്താവം നടത്തിയത്.