തനിക്ക് ശമ്പളം വേണ്ട, ഓണറേറിയം അനുവദിക്കണം; സർക്കാരിന് കത്ത് നൽകി കെ വി തോമസ്

തിരുവനന്തപുരം: തനിക്ക് ശമ്പളം വേണ്ടെന്ന് അറിയിച്ച് സർക്കാരിന് കത്ത് നൽകി ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി സർക്കാർ നിയമിച്ച കെ വി തോമസ്. ശമ്പളത്തിന് പകരം ഓണറേറിയം അനുവദിക്കണമെന്നാണ് മുൻ കോൺഗ്രസ് നേതാവ് കൂടിയായ കെ വി തോമസ് കത്തിൽ വ്യക്തമാക്കുന്നത്. പരിശോധനയ്ക്കായി കെ വി തോമസിന്റെ കത്ത് ധനകാര്യവകുപ്പിന് കൈമാറിയിട്ടുണ്ട്.

മുഖ്യമന്ത്രി കൂടി പരിശോധിച്ച ശേഷമാകും വിഷയത്തിൽ അന്തിമ തീരുമാനം സ്വീകരിക്കുന്നത്. വിമാനയാത്ര നിരക്ക് കുറവുള്ള ക്ലാസുകളിൽ മതിയെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം സർക്കാരിനോട് വ്യക്തമാക്കിയിട്ടുണ്ട്. കെ വി തോമസിനെ ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ തീരുമാനിച്ചത് ജനുവരി 18 നാണ്. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ക്യാബിനറ്റ് പദവിയോടെയായിരുന്നു നിയമനം. അച്ചടക്ക ലംഘനത്തിന് കോൺഗ്രസ് നടപടി സ്വീകരിച്ച നേതാവ് കെ വി തോമസ്. തൃക്കാക്കര ഉപതരെഞ്ഞെടുപ്പിൽ ഇടത് കൺവെൻഷനിൽ നേതൃത്വത്തെ വെല്ലുവിളിച്ച് കെ വി തോമസ് എത്തിയതിനെ തുടർന്നാണ് കെ വി തോമസിനെ കോൺഗ്രസിൽ നിന്നും പുറത്താക്കിയത്.

നേരത്തെ എ സമ്പത്ത് വഹിച്ചിരുന്ന പദവിയാണ് കെ വി തോമസിന് നൽകിയത്. സമ്പത്തിനെ കേരളത്തിന്റെ പ്രതിനിധിയായി നിയമിച്ചപ്പോൾ ക്യാബിനറ്റ് റാങ്കും സ്വന്തമായി ഓഫീസും സ്റ്റാഫും താമസസൗകര്യവും ഉൾപ്പെടെ അദ്ദേഹത്തിന് ലഭിച്ചിരുന്നു. കേന്ദ്ര സർക്കാരുമായുള്ള കേരള സർക്കാരിന്റെ ലെയ്‌സൺ ജോലികളാണ് പ്രത്യേക പ്രതിനിധിയുടെ മുഖ്യ ഉത്തരവാദിത്തം.