ലൈഫ് മിഷൻ കോഴ ഇടപാട്; ചൊവ്വാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് എം ശിവശങ്കർ

കൊച്ചി: ലൈഫ് മിഷൻ കോഴ ഇടപാടിൽ ചൊവ്വാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് എം ശിവശങ്കർ. നാളെ സർവീസിൽ നിന്ന് വിരമിക്കുന്നതിനാൽ ഹാജരാക്കാൻ കഴിയില്ലെന്ന് ശിവശങ്കർ അറിയിച്ചു. ചോദ്യം ചെയ്യലിനായി മറ്റൊരു ദിവസം നൽകണമെന്നും അദ്ദേഹം എൻഫോഴ്‌സ്‌മെന്റിനോട് ആവശ്യപ്പെട്ടു.

ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4 കോടി 48 ലക്ഷം രൂപയുടെ കോഴ നൽകിയെന്ന യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് ഇഡി കള്ളപ്പണം തടയൽ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. കരാർ ലഭിക്കാൻ ഇടനില നിന്ന സ്വപ്ന സുരേഷിന് 1 കോടി ലഭിച്ചെന്നും സ്വപ്നയുടെ ലോക്കറിൽ നിന്ന് കണ്ടെത്തിയത് ഈ കള്ളപ്പണമാണെന്നുമായിരുന്നു എൻഫോഴ്‌സ്‌മെന്റ് നേരത്തെ കണ്ടെത്തിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ, സ്വർണ്ണക്കടത്ത് കേസിലെ കൂട്ട് പ്രതി സന്ദീപ് നായർ, സ്വപ്ന സുരേഷ് തുടങ്ങിയവരെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷൻ പദ്ധതിയിൽ 6 കോടിയുടെ കോഴ ഇടപാട് നടന്നെന്നാണ് സ്വപ്ന സുരേഷ് വ്യക്തമാക്കിയത്.