പ്രമേഹം കുറയ്ക്കാൻ പാവയ്ക്ക

ധാരാളം ആരോഗ്യ ഗുണങ്ങളുള്ള പച്ചക്കറികളിൽ ഒന്നാണ് പാവയ്ക്ക. എന്നാൽ കയ്പ് കാരണം ചിലർ പാവയ്ക്ക കഴിക്കാറില്ല. പാവയ്ക്കയിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, വിറ്റാമിൻ സി, മഗ്നീഷ്യം, ഫോളേറ്റ് സിങ്ക്, ഫോസ്ഫറസ്, മാംഗനീസ്, ഭക്ഷ്യനാരുകൾ, കാത്സ്യം എന്നിവയും ധാരാളമുണ്ട്. പാവയ്ക്ക എൽഡിഎൽ കൊളസ്‌ട്രോൾ (മോശം കൊളസ്ട്രോൾ) കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ഫൈബർ രക്ത ധമനികളിലെ തടസ്സം നീക്കം ചെയ്യാനും സഹായിക്കും. വിട്ടുമാറാത്ത ചുമ, ശ്വസന പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാനും പാവയ്ക്ക കഴിക്കുന്നത് നല്ലതാണ്.

ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുന്നതിനും കണ്ണിന്റെയും കരളിന്റെയും ആരോഗ്യത്തിനും പാവയ്ക്ക കഴിക്കുന്നത് പ്രയോജനപ്രദമാണ്. പാവയ്ക്ക കരളിനെ വിഷാംശങ്ങളിൽ നിന്ന് മുക്തമാക്കുന്നു. ഇത് കരളിലെ എൻസൈമുകൾ വർദ്ധിപ്പിക്കുകയും കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യും.

ശ്വാസകോശത്തിൽ അടിഞ്ഞുകൂടിയ കഫം നീക്കം ചെയ്യാനും പാവയ്ക്ക നല്ലതാണ്. പാവയ്ക്ക പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. പാവയ്ക്കയില്‍ അടങ്ങിയിരിക്കുന്ന ചില പ്രോട്ടീനുകളാണ് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നത്. 

പാവയ്ക്കയിൽ നാരുകൾ അഥവാ ഫൈബർ ധാരാളം അടങ്ങിയിരിക്കുന്നു. അതിനാൽ ഇത് മലബന്ധം തടയാൻ സഹായിക്കും. അതുകൊണ്ടുതന്നെ മലബന്ധ പ്രശ്നമുള്ളവർ പതിവായി പാവയ്ക്ക കഴിക്കുന്നത് നല്ലതാണ്. പാവയ്ക്ക ജ്യൂസ് പതിവായി കുടിക്കുന്നത് കാൻസർ സാധ്യത കുറയ്ക്കും. കാൻസർ കോശങ്ങളുടെ വ്യാപനത്തിനെതിരെ പ്രവർത്തിക്കാനുള്ള കഴിവ് പാവയ്ക്കയ്ക്ക് ഉണ്ട്. ആസ്ത്മ, ശ്വാസകോശ അണുബാധ എന്നിവ തടയാനും പാവയ്ക്ക കഴിക്കുന്നത് ഉത്തമമാണ്.