സുപ്രീംകോടതിയുടെ സമയം പാഴാക്കുകയാണ്; ബി.ബി.സി ഡോക്യുമെന്ററിക്കെതിരായ ഹര്‍ജിയില്‍ കിരണ്‍ റിജ്ജു

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ ബി.ബി.സി ഡോക്യുമെന്ററിക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെതിരായി നല്‍കിയ ഹര്‍ജിയെ വിമര്‍ശിച്ച് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജ്ജു രംഗത്ത്. ‘ആയിരക്കണക്കിനു വരുന്ന സാധാരണ മനുഷ്യര്‍ നീതിക്കായി കാത്തിരിക്കുകയും തീയതികള്‍ തേടുകയും ചെയ്യുമ്പോള്‍ സുപ്രീംകോടതിയുടെ സമയം അവര്‍ ഇങ്ങനെ പാഴാക്കുകയാണ്’, ഹര്‍ജിക്കാരെ ഉദ്ദേശിച്ച് കിരണ്‍ റിജ്ജു ട്വീറ്റ് ചെയ്തു. ഹര്‍ജി ഫെബ്രുവരി ആറിന് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര നടപടി ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണെന്നാരോപിച്ച് അഭിഭാഷകനായ എം.എല്‍. ശര്‍മയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ചെയ്തത്. ഡോക്യുമെന്ററിയുടെ രണ്ടു ഭാഗങ്ങളും കോടതി പരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ബി.ബി.സി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട തങ്ങളുടെ ട്വീറ്റുകള്‍ നീക്കിയതിനെതിരേ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം. റാമും അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹര്‍ജികളും അടുത്ത തിങ്കളാഴ്ച പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.