പദ്മ അവാർഡ് ജേതാക്കളുടെ ജീവിതകഥ വായിച്ചറിയണം; ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: ഈ വർഷത്തെ ആദ്യത്തെ മൻകി ബാത്തിൽ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പദ്മ അവാർഡ് ജേതാക്കളുടെ ജീവിതകഥ വായിച്ചറിയാൻ അദ്ദേഹം രാജ്യത്തെ പൗരന്മാരോട് ആഹ്വാനം ചെയ്തു. ഗോത്രവിഭാഗത്തിൽ നിന്ന് നിരവധി പേർക്ക് പദ്മ അവാർഡ് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിൽ ചിത്രകാരന്മാർ, സംഗീതജ്ഞർ, കർഷകർ, കലാകാരന്മാർ എന്നിവർ ഉൾപ്പെടുന്നു. അവരുടെ ജീവിതകഥ വായിച്ചറിയാൻ താൻ എല്ലാവരോടും ആഹ്വാനം ചെയ്യുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗോത്രവർഗക്കാരുടെ ജീവിതം നഗരത്തിലെ ജീവിതത്തിൽ നിന്ന് വ്യത്യസ്തമാണ്. അതിന് വളരെയേറെ വെല്ലുവിളികളുണ്ട്. ഈ വെല്ലുവിളികളെയെല്ലാം മറികടന്ന് തങ്ങളുടെ പാരമ്പര്യം സംരക്ഷിക്കാൻ അവർ തയ്യാറാണ്. വടക്ക്- കിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾ തങ്ങളുടെ സംസ്‌കാരം സംരക്ഷിക്കാൻ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൻകി ബാത്തിന്റെ 97-ാം എപ്പിസോഡാണ് ഇന്ന് സംപ്രേക്ഷണം ചെയ്തത്.

ഇത്തവണ പദ്മ അവാർഡിന്റെ അലയൊലികൾ നക്സൽ ബാധിത പ്രദേശങ്ങളിൽ പോലും ഉണ്ടായി. നക്സൽ പ്രസ്ഥാനം വഴിതെറ്റിച്ച യുവാക്കൾക്ക് നേരായ മാർഗം കാണിച്ചു നൽകിയവർക്കും ഇത്തവണ പദ്മ പുരസ്‌കാരങ്ങൾ നൽകിയെന്നും അദ്ദേഹം വിശദമാക്കി. അതേസമയം, 2023 അന്തർദേശീയ ചോളം വർഷമായി ആഘോഷിക്കാനുള്ള യു.എന്നിന്റെ തീരുമാനത്തിന് നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചു.

ഇപ്പോൾ ആളുകൾ ചോളം ഭക്ഷണത്തിന്റെ ഭാഗമാക്കുന്നു. ലോകം ചോളത്തിന്റെ പ്രാധ്യനം തിരിച്ചറിയുന്നതിൽ പരമ്പരാഗതമായി ചോളം കൃഷി ചെയ്യുന്ന ചെറുകിട കർഷകർ സന്തോഷവാന്മാരാണ്. അന്തർദേശീയ യോഗദിനം ആചരിക്കാനുള്ള തീരുമാനം പോലെ ഇന്ത്യയുടെ ആവശ്യപ്രകാരമാണ് ഈ വർഷം ചോളം വർഷമായി ആഘോഷിക്കാനുള്ള തീരുമാനം ഐക്യരാഷ്ട്രസഭ കൈക്കൊണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.