ജഡ്ജിമാര്‍ക്ക് കമ്മീഷന്‍ നല്‍കാനെന്ന പേരില്‍ പണം വാങ്ങല്‍; അഭിഭാഷകനെതിരെ കേസെടുത്തേക്കും

കൊച്ചി: ജഡ്ജിമാര്‍ക്ക് കമ്മീഷന്‍ നല്‍കാനെന്ന പേരില്‍ കക്ഷികളില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് സൈബി ജോസിനെതിരെ എഫ്.ഐ.ആര്‍ പ്രകാരം അന്വേഷണത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഗുരുതരമായ കണ്ടെത്തലുകള്‍ ഉണ്ടെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന് ശനിയാഴ്ച സമര്‍പ്പിച്ച സിറ്റി പോലീസ് കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ ഹൈക്കോടതിയുടെ വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തിയിരുന്നു.

വസ്തുതാപരമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമന്‍ പറഞ്ഞു. അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ള 14 പേരില്‍ നിന്നാണ് സിറ്റി പോലീസ് കമ്മീഷണര്‍ മൊഴിയെടുത്തത്.റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കേസില്‍ എഫ്.ഐ.ആര്‍. ഇടുന്നതിനെക്കുറിച്ച് പോലീസ് തീരുമാനമെടുക്കും.

അതേസമയം, കേസുമായി ബന്ധപ്പെട്ട് വ്യാഴം, വെള്ളി ദിവസങ്ങളില്‍ വിവിധ രേഖകള്‍ പോലീസ് പരിശോധിച്ചിരുന്നു. ആരോപണവിധേയനായ സൈബി ജോസ് കിടങ്ങൂരിന്റേത് ഉള്‍പ്പെടെയുള്ള മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍ കക്ഷിയായ സിനിമാനിര്‍മാതാവിന്റെയും സൈബിയുടെ ജൂനിയര്‍ വക്കീല്‍മാരുടെ മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്.