ജഡ്ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയ സംഭവം: സൈബി ജോസ് കിടങ്ങൂരിനെതിരെ പ്രാഥമിക റിപ്പോർട്ട് കൈമാറി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ

കൊച്ചി: സൈബി ജോസ് കിടങ്ങൂരിനെതിരെ പ്രാഥമിക റിപ്പോർട്ട് കൈമാറി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ. ജഡ്ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയ സംഭവവുമായി ബന്ധപ്പെട്ടാണ് റിപ്പോർട്ട് കൈമാറിയത്. പ്രത്യേക ദൂതൻ വഴിയാണ് അദ്ദേഹം ഡിജിപിക്ക് റിപ്പോർട്ട് നൽകിയത്. ആരോപണം ഗൗരവമുള്ളതാണെന്നാണ് പ്രാഥമിക പരിശോധനയിൽ കാണുന്നതെന്നും വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.

അഭിഭാഷകർ ഉൾപ്പെടെ 14 പേരുടെ മൊഴികളും രേഖകളും ഉൾപ്പെടെയാണ് കമ്മീഷണർ റിപ്പോർട്ട് തയ്യാറാക്കിയത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സൈബി ജോസിനെതിരെ കേസെടുക്കണോയെന്ന കാര്യത്തിൽ ഡിജിപി അന്തിമ തീരുമാനമെടുക്കുക.

ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന കേസിൽ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് അഡ്വ. സൈബി ജോസിനെതിരെ വിജിലൻസ് റിപ്പോർട്ട് പുറത്തു വന്നിരുന്നു. മൂന്ന് ജഡ്ജിമാരുടെ പേരിൽ കക്ഷികളിൽ നിന്ന് പണം വാങ്ങിയെന്നാണ് കേസ്. മൂന്ന് ജഡ്ജിമാർക്ക് നൽകാനെന്ന പേരിലാണ് അഡ്വ. സൈബി ജോസ് കക്ഷികളിൽ നിന്നും വലിയ തുകകൾ ഈടാക്കിയത്. ഒരു ജഡ്ജിക്ക് നൽകാനെന്ന പേരിൽ അമ്പത് ലക്ഷം രൂപയും മറ്റ് രണ്ട് ജഡ്ജിമാർക്ക് നൽകാനായി 22 ലക്ഷം രൂപയും വാങ്ങിയെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ആകെ 72 ലക്ഷം രൂപയാണ് ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ പണം വാങ്ങിയിരിക്കുന്നതെന്നാണ് വിജിലൻസ് ചൂണ്ടിക്കാട്ടിയത്.