തരൂരിനെതിരെ പരോക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന കെ. കരുണാകരന്‍ സെന്റര്‍ നിര്‍മാണ പ്രവര്‍ത്തനോദ്ഘാടന ചടങ്ങില്‍ തരൂരിനെതിരെ പരോക്ഷ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് നേതാക്കള്‍. എന്നാല്‍, തരൂരിന്റെ പേരെടുത്ത് പറയാതെയായിരുന്നു നേതാക്കളുടെ വിമര്‍ശനങ്ങള്‍.

‘ഏറ്റവും അനുകൂലമായ സാഹചര്യമാണ് യുഡിഎഫിനും കോണ്‍ഗ്രസിനും. സിപിഎം ജീര്‍ണ്ണാവസ്ഥയിലാണ്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലെ തോല്‍വിയില്‍ നിന്ന് കോണ്‍ഗ്രസ് കരകയറാനുള്ള എല്ലാ സാധ്യതകളും നിലനില്‍ക്കുമ്പോള്‍ ചില അട്ടിമറി ശ്രമം നടക്കുന്നുണ്ട്. ഓരോ കോണ്‍ഗ്രസുകാരനും ഇതില്‍ ജാഗ്രത കാണിക്കണം. എന്തു പറയാനുണ്ടെങ്കിലും പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യണം. മറ്റുപാര്‍ട്ടികളെ പോലെയല്ല കോണ്‍ഗ്രസ്. എല്ലാ സ്വാതന്ത്ര്യവുമുണ്ട്. സംഘടനാ തിരഞ്ഞെടുപ്പ് നടത്തി കാണിച്ചുകൊടുത്തവരാണ് നമ്മള്‍. എന്ത് കാര്യവും നമുക്ക് ചര്‍ച്ച ചെയ്യാം. അത് പാര്‍ട്ടിക്കുള്ളിലാകണം. കോണ്‍ഗ്രസുകാര്‍ തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും പറയുന്നത് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ഒഴിവാക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. അക്കാര്യം താരിഖ് അന്‍വര്‍ വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട്. അത് കോണ്‍ഗ്രസ് അധ്യക്ഷനോട് ആലോചിച്ച് നടത്തിയ പ്രസ്താവനയാണ്. താരിഖ് അന്‍വര്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മാത്രമല്ല. അച്ചടക്ക സമിതിയില്‍ അംഗം കൂടയാണ്. നേതൃനിരയില്‍ ചെറിയ ചെറിയ ഭിന്നതകള്‍ എല്ലാ പാര്‍ട്ടിയിലും ഉണ്ടാകും. ഓരോ ബ്ലോക്കിലും മൂന്ന് മാസം വീടുകള്‍ കയറി ഇറങ്ങിയുള്ള ജോഡോ യാത്രയില്‍ പൂര്‍ണ്ണമായും പങ്കെടുക്കാത്തവര്‍ തുടര്‍ന്നുള്ള പുനഃസംഘടനയില്‍ ഉണ്ടാകില്ലെന്നും കെ.സി.വേണുഗോപാല്‍ മുന്നറിയിപ്പ് നല്‍കി. ഇക്കാര്യം കെപിസിസി അധ്യക്ഷന്റെ ശ്രദ്ധയില്‍പ്പെടുത്തുകയാണ്’- എഐസിസി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍ പറഞ്ഞു.

അതേസമയം, കെ മുരളീധരന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു: ‘ഇനിയുള്ള ആത്യന്തികമായ ലക്ഷ്യം ലോക്‌സഭാ തിരഞ്ഞെടുപ്പാണ്. അതില്‍ പരമാവധി സീറ്റില്‍ ജയിച്ചില്ലെങ്കില്‍ ബാക്കിയുള്ള തിരഞ്ഞെടുപ്പില്‍ നോക്കേണ്ട. കഴിഞ്ഞ ദിവസം ചേര്‍ന്ന കെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍ കെപിസിസി അധ്യക്ഷന്‍ എല്ലാവരുടേയും ഫോണുകള്‍ വാങ്ങി പൂട്ടിവെച്ചിട്ടും എല്ലാ കാര്യങ്ങളും പത്രത്തില്‍ വന്നുവെന്ന് കെ.മുരളീധരന്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. പാര്‍ട്ടി വേദികളില്‍ അഭിപ്രായം പറഞ്ഞാല്‍ പറയാനുള്ളത് പറയുകേം അച്ചടക്ക നടപടി പേടിക്കേണ്ടതില്ല. കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടി ആയതുകൊണ്ട് എതിര്‍ഭാഗത്തേക്ക് ഗോളടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സെല്‍ഫ് ഗോളടിക്കും. പാര്‍ട്ടി വേദിയില്‍ മാത്രം അഭിപ്രായം പറഞ്ഞാല്‍ മതിയെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞ കാര്യം വളരെ ശരിയാണ്. അതുകൊണ്ട് രണ്ടു ഗുണമുണ്ട്. ഒന്ന് പറയുന്ന കാര്യങ്ങള്‍ ഏതായാലും പത്രത്തില്‍ വരും എന്നാല്‍ അച്ചടക്ക നടപടി പേടിക്കുകയും വേണ്ട. ഇന്നലെ നടന്ന യോഗത്തില്‍ കെപിസിസി പ്രസിഡന്റ് എല്ലാവരുടേയും ഫോണ്‍ വാങ്ങി പൂട്ടിവെച്ചെങ്കിലും ഇന്ന് എല്ലാ കാര്യങ്ങളും പത്രത്തില്‍ വന്നിട്ടുണ്ട്. പ്രവര്‍ത്തനം വേണം. 24മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ളവരാകണം ഇനി തലപ്പത്ത് വരേണ്ടത്. പാര്‍ലമെന്റിലേക്ക് സ്ഥാനാര്‍ഥികള്‍ ആര് വരണമെന്ന് ഹൈക്കമാന്‍ഡാണ് തീരുമാനിക്കേണ്ടത്. വരുന്ന സ്ഥാനാര്‍ഥിയെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കരുത് എന്ന കര്‍ത്തവ്യം എല്ലാവരും ഏറ്റെടുക്കണം. കാരണം നമ്മുടെ കൈയില്‍ ഒന്നുമില്ല’- അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍, ‘നാല് വര്‍ഷം കഴിഞ്ഞ് ഞാന്‍ ഇന്നതാകുമെന്ന് ഇപ്പോള്‍ ആരും പറയേണ്ടതില്ല. കാരണം കേരളത്തിലും ഇന്ത്യയിലും എന്താകും സ്ഥിതിയെന്ന് ആര്‍ക്കും പറയാനാകില്ല. അതുകൊണ്ട് ആരെങ്കിലും കോട്ട് തയ്പ്പിച്ച് വെച്ചിട്ടുണ്ടെങ്കില്‍ ആ കോട്ട് ഊരിവെച്ച് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ജയിപ്പിക്കാന്‍ മുന്നിട്ടിറങ്ങണം. വാസ്തവത്തില്‍ പണ്ടത്തേ അപേക്ഷിച്ച് കേരളത്തില്‍ ഗ്രൂപ്പിസം അത്ര കണ്ടില്ലെന്നായിരുന്നു എം.എം.ഹസ്സന്റെ പരാതി. ഇപ്പോ ഉള്ളത് അവനവനിസമാണുള്ളത്. ഓരോരുത്തരും ഒരുമിച്ച് നില്‍ക്കണം. കൈരളിയെ പോലെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് ഷെയര്‍ പിരിച്ച് ജയ്ഹിന്ദ് ചാനലിനെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് മോചിപ്പിക്കാനുള്ള വലിയ പദ്ധതി സുധാകരനുണ്ട്’- ചെന്നിത്തലയും വ്യക്തമാക്കി.