ബെംഗളൂരു- മൈസൂരു വ്യാവസായിക ഇടനാഴി; കണ്ണൂരിനും വികസന സാധ്യതകളേറെ

കണ്ണൂർ: ബെംഗളൂരു- മൈസൂരു വ്യാവസായിക ഇടനാഴി തുറക്കുന്നതോടെ കണ്ണൂരിന് കൂടിയാണ് വികസന പ്രതീക്ഷ ലഭിക്കുന്നത്. മൈസൂരുവിലേക്കുള്ള റോഡിന്റെ സമയബന്ധിത വികസനം മാത്രമാണ് ഇനി മുന്നിലുള്ള കടമ്പ. മൈസൂരുവിനും കണ്ണൂരിനും ഇടയിലെ റോഡുകൾക്കെല്ലാം ദേശീയപാത പദവി നൽകാൻ നേരത്തേ തന്നെ തത്വത്തിൽ അനുമതി ലഭിച്ചതാണ്. ദേശീയപാത അതോറിറ്റി ഈ റോഡുകൾ ഏറ്റെടുത്ത് വികസിപ്പിക്കുന്നതോടെ കണ്ണൂരിനും ബെംഗളൂരുവിനും ഇടയിലെ യാത്രാ സമയത്തിൽ കുറവുണ്ടാകും.

കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിലെ വിനോദസഞ്ചാര മേഖലയ്ക്കുമെല്ലാം തീരുമാനം ഗുണപ്രദമാണ്. 3883 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. മൊത്തം 84 കിലോമീറ്റർ ദൂരം വരുന്ന മൂന്ന് ബൈപാസുകൾ ഉൾപ്പെട്ടതാണ് ഈ പാത. മടിക്കേരിക്കും കൂട്ടുപുഴയ്ക്കും ഇടയിലുള്ള റോഡും ദേശീയപാതയായി ഉയർത്താൻ തത്വത്തിൽ അനുമതി ലഭിച്ചിട്ടുണ്ട്.

അതേസമയം, മേലേച്ചൊവ്വ മൈസൂരു റോഡിലെ കേരളത്തിൽ ഉൾപ്പെടുന്ന ഭാഗവും ദേശീയപാതയായി ഉയർത്താൻ നേരത്തേ തന്നെ തത്വത്തിൽ അനുമതി ലഭിച്ചിരുന്നു. ഇത് യാഥാർത്ഥ്യമായാൽ വടക്കേ മലബാറിനും കുടക് മേഖലയ്ക്കും ഒരുപോലെ പ്രയോജനപ്രദമായിരിക്കും.