ഹോട്ടലുകളിൽ ഗുണനിലവാരമുള്ള ഭക്ഷണമാണ് വിൽക്കുന്നതെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത സർക്കാരിനുണ്ട്; കെ സുധാകരൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഭക്ഷ്യ വിഷബാധയേറ്റ് പൊതുജനം മരിച്ചുവീഴുമ്പോൾ മാത്രം പ്രഹസന സുരക്ഷാ പരിശോധന നടത്തുന്ന കീഴ്‌വഴക്കം അവസാനിപ്പിച്ച് വർഷം മുഴുവൻ നീളുന്ന ഭക്ഷ്യസുരക്ഷാ റെയ്ഡ് നടത്താൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹോട്ടലുകളിൽ ഗുണനിലവാരമുള്ള ഭക്ഷണമാണ് വിൽക്കുന്നതെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത സർക്കാരിനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

വിഷം കലർന്ന ഭക്ഷണം വിളമ്പുന്നവർക്കെതിരെ കർശന ക്രിമിനൽ നിയമനടപടി സ്വീകരിക്കണം. ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യവകുപ്പും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളും ഭക്ഷ്യാ സുരക്ഷാ പരിശോധന ശക്തിപ്പെടുത്തുന്നതിന് ഒരു നടപടിയും സ്വീകരിക്കുന്നില്ല. അതിനാലാണ് ഇത്തരം സംഭവങ്ങൾ തുടർക്കഥയാകുന്നത്. കുറ്റമറ്റ പരിശോധന നടത്താൻ ഇനിയുമെത്ര ജീവനുകൾ ഹോമിക്കേണ്ടി വരും. ഇത് ഭക്ഷ്യ സുരക്ഷാ വകുപ്പാണോ അതോ ഭക്ഷ്യ അരക്ഷിതത്വ വകുപ്പാണോയെന്നും അദ്ദേഹം ചോദിക്കുന്നു.

സംസ്ഥാന സർക്കാരാണ് ലൈസൻസും രജിസ്ട്രേഷനും ഇല്ലാതെ ഹോട്ടലുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിന് ഉത്തരവാദി. നിലവിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളുടെ കൃത്യമായ വിവരങ്ങൾ ശേഖരിക്കുന്നതിലും ഭക്ഷ്യസുരക്ഷാ വകുപ്പ് അലംഭാവം കാട്ടുന്നു. ഹോട്ടൽ ഭക്ഷണത്തിന്റെ സുരക്ഷയും ശുചിത്വവും ഉറപ്പാക്കുന്നതിന് ഗ്രേഡിങ് സംവിധാനം എത്രയും വേഗം നടപ്പാക്കുന്നതാണ് ഉചിതം. അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ഉണരുകയും പേരിന് ജനങ്ങളുടെ കണ്ണിൽപ്പൊടിയിടുന്ന നടപടികൾ നടത്തുന്നതും പരിഹാസ്യമാണ്. നിസ്സാര പിഴയീടാക്കി ഹോട്ടലുകൾക്ക് വീണ്ടും പ്രവർത്താനുമതി നൽകുന്നത് വിഷം വിളമ്പുന്നവർക്ക് നൽകുന്ന പ്രോത്സാഹനമാണ്. വർഷത്തിൽ കൃത്യമായ പരിശോധന വേണമെന്ന് ഹൈക്കോടതി നിർദ്ദേശം പാലിക്കാൻ തയ്യാറായിരുന്നെങ്കിൽ മനുഷ്യ ജീവനുകൾ ബലിനൽകേണ്ടി വരില്ലായിരുന്നു. ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് രണ്ടു വിലപ്പെട്ട ജീവനുകളാണ് അധികൃതരുടെ അനാസ്ഥകാരണം ഭക്ഷ്യവിഷബാധയെ തുടർന്ന് നഷ്ടമായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഹോട്ടലുകളിൽ നിന്നും ശേഖരിക്കുന്ന സാംപിളുകൾ പരിശോധിക്കാനുള്ള മികച്ച സംവിധാനം സംസ്ഥാനത്തില്ലെന്നത് ഖേദകരമാണ്. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ശുഷ്‌കാന്തി കാട്ടുന്ന പ്രവർത്തനത്തിന് അറുതിവരുത്താൻ സർക്കാർ തയ്യാറാകണം. കൊട്ടിഘോഷിച്ച് നടപ്പാക്കിയ ഫുഡ് സേഫ്റ്റി ഓൺ വീൽസ് എന്ന പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് സർക്കാർ വ്യക്തമാക്കണം. ഭക്ഷ്യസുരക്ഷാ വകുപ്പിലെ അടിസ്ഥാന സൗകര്യത്തിന്റെയും ജീവനക്കാരുടെയും അപര്യാപ്തതയാണ് പരിശോധന പാളുന്നതിൽ പ്രധാനഘടകമെന്നും കെ സുധാകരൻ ചൂണ്ടിക്കാട്ടി.