ദൈവത്തിന് മഹത്വവും മനുഷ്യർക്ക് സമാധാനവും ഇല്ലാത്ത ഇടമായി കേരളം മാറി; തൃശൂർ അതിരൂപതാ മുഖപത്രം

തൃശൂർ: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കത്തോലിക്കാ സഭ. തൃശൂർ അതിരൂപതാ മുഖപത്രത്തിലാണ് കത്തോലിക്കാ സഭ സംസ്ഥാന സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. ദൈവത്തിന് മഹത്വവും മനുഷ്യർക്ക് സമാധാനവും ഇല്ലാത്ത ഇടമായി കേരളം മാറിയെന്ന് ലേഖനത്തിൽ പറയുന്നു. പുതുവർഷപ്പതിപ്പിലെ ലേഖനത്തിലാണ് സഭയുടെ പരാമർശം. സമാധാനമാണ് സർക്കാർ സമ്മാനിക്കേണ്ടത് എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

സർക്കാരിന്റേത് ജനക്ഷേമമുഖമല്ല. മന്ത്രിമാരായും സെക്രട്ടറിമാരായും ഉപദേശകരായും നിരവധി പേരുണ്ടെങ്കിലും ജനങ്ങൾ തെരുവിലിറങ്ങാൻ നിർബന്ധിതരാകുന്ന സാഹചര്യമാണുള്ളത്. ജനക്ഷേമം നോക്കാതെയുള്ള സർക്കാർ നടപടികൾ സമാധാന ജീവിതം തല്ലിക്കെടുത്തുകയാണ്. ജനദ്രോഹ നടപടികൾ തിരിച്ചറിയാൻ കഴിയാത്തത് സർക്കാരിന്റെ ശോഭ കെടുത്തുന്നുവെന്നും സഭ ചൂണ്ടിക്കാട്ടി. വികലമായ നയങ്ങൾ ദുരിതം സമ്മാനിക്കുന്നു. ജനങ്ങളെ തീ തീറ്റിക്കുന്ന നടപടികളാണ് ഒന്നിനുപുറകെ മറ്റൊന്നായി വന്നു കൊണ്ടിരിക്കുന്നതെന്നും ലേഖനത്തിൽ വിമർശിക്കുന്നുണ്ട്. വിഴിഞ്ഞം, ബഫർസോൺ, പിൻ വാതിൽ നിയമനം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് സർക്കാരിനെതിരെ സഭ വിമർശനം ഉന്നയിച്ചത്.

ആര് വന്നാലും കോരന്റെ കഞ്ഞി കുമ്പിളിൽ തന്നെയെന്ന അവസ്ഥക്ക് മാറ്റമില്ലെങ്കിൽ നവകേരളം യാഥാർഥ്യമാകുമോ അതോ തൊഴിലാളി വർഗ സർവാധിപത്യം മറ്റൊരു മരീചികയാകുമോ എന്ന ചോദ്യവും ലേഖനത്തിൽ ഉന്നയിക്കുന്നുണ്ട്. മൂന്നു കോടി ജനങ്ങൾ വസിക്കുന്ന നാടാണ് ഇതെന്ന കാര്യം ആകാശക്കാഴ്ചകൾ കണ്ട് തീരുമാനമെടുക്കുന്നവർക്ക് മനസിലാകില്ല. ഭൂമിയിലിറങ്ങി നടക്കണം, കർഷകർ വിയർപ്പൊഴുക്കുന്ന കൃഷി സ്ഥലങ്ങളും അന്തിയുറങ്ങുന്ന കിടപ്പാടങ്ങളും കാണണമെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നു.