2024-ലെ തിരഞ്ഞെടുപ്പിന് മുൻപായി മാവോയിസ്റ്റുകളെ ഇന്ത്യയിൽ നിന്ന് തുടച്ചു നീക്കും; അമിത് ഷാ

റാഞ്ചി: 2024-ലെ തിരഞ്ഞെടുപ്പിന് മുൻപായി മാവോയിസ്റ്റുകളെ ഇന്ത്യയിൽ നിന്ന് തുടച്ചു നീക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ് ഭരണം നടത്തിയിരുന്ന 2019-ൽ 2,258 നക്‌സൽ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 2021-ൽ അത് 509-ായി കുറഞ്ഞതായും അമിത് ഷാ വ്യക്തമാക്കി. ഝാർഖണ്ഡിലെ ചായ്ബാസയിൽ നടന്ന മഹാ സങ്കൽപ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിൽ യുവാക്കൾക്ക് വിദ്യാഭ്യാസവും തൊഴിലും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. അധികാരത്തിൽ നിന്ന് വോട്ട് ചെയ്ത് കോൺഗ്രസിനെ ഒരു പാഠം പഠിപ്പിക്കണമെന്ന് അമിത് ഷാ ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.

അതേസമയം, അയോധ്യയിലെ രാമക്ഷേത്രം നിർമാണം അടുത്ത വർഷം ജനുവരി ഒന്നിന് പൂർത്തിയാകുമെന്ന് നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചിരുന്നു. രാമക്ഷേത്ര നിർമാണത്തിന് തുരങ്കം വച്ചത് കോൺഗ്രസാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ പ്രധാനമന്ത്രി മോദി മുൻകൈയെടുത്ത് ക്ഷേത്രം നിർമ്മാണം ആരംഭിക്കുകയായിരുന്നുവെന്നും ത്രിപുരയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.