കോഴിക്കോട്: അശ്രദ്ധമായി വാഹനമോടിക്കുന്നത് മൂലമുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പും റോഡ് സുരക്ഷ അതോറിറ്റിയും ചേർന്ന് നടത്തുന്ന ലൈൻ ട്രാഫിക് ബോധവൽക്കരണ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ബോധവത്കരണ യജ്ഞത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.
കോഴിക്കോട് കൊടുവള്ളിയിൽ നടന്ന ബോധവൽക്കരണ പരിപാടിയിൽ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. റോഡ് അപകടങ്ങളിൽ 65 ശതമാനത്തിനും മരണങ്ങളിൽ 55 ശതമാനത്തിനും കാരണം അശ്രദ്ധമായി വാഹനമോടിക്കുന്നതാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ക്യാമ്പയിൻ നടത്തുന്നത്.
സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന പരിപാടിയുടെ ഭാഗമായി മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ റോഡിൽ ഇറങ്ങി പരിശോധനകൾക്ക് നേതൃത്വം നൽകും. ഡ്രൈവർമാർക്കിടയിലെ ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിനും നടപടി സ്വീകരിക്കും.
നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആന്റണി രാജു വ്യക്തമാക്കി. കൊച്ചിയിൽ ആറ് സംഘങ്ങളായാണ് പരിശോധനയും ബോധവൽക്കരണവും നടത്തിയത്. ഇതിന്റെ ഭാഗമായി വിവിധ ഭാഷകളിൽ തയ്യാറാക്കിയ ലഘു ലേഖകൾ ഡൈവർമാർക്ക് വിതരണം ചെയ്യുന്നുണ്ട്. ബോധവൽക്കരണത്തിന് ശേഷം റോഡുകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകൾ ഉപയോഗിച്ച് വാഹനങ്ങളുടെ രജിസ്‌ട്രേഷൻ നമ്പർ തിരിച്ചറിഞ്ഞ് നിർദ്ദേശങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കാനാണ് അധികൃതർ തീരുമാനിച്ചിട്ടുള്ളത്.

