തിരുവനന്തപുരത്തെ റോഡുകളുടെ ദുരവസ്ഥ; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ സ്മാർട്ട് റോഡുകളുടെ നിർമ്മാണം അനന്തമായി നീളുന്നതിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. ഇക്കാരണത്താൽ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെട്ടതിനെ കുറിച്ച് നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജൂനാഥാണ് നഗരസഭാ സെക്രട്ടറിക്ക് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

മഴ പെയ്തതോടെ പലയിടങ്ങളിലും യാത്ര ദുസഹമായി മാറിയിരിക്കുകയാണ്. ജൂണിൽ കേസ് പരിഗണിക്കും. ഇവിടെയുള്ള വീട്ടുകാർക്ക് വലിയ കുഴികൾ ചാടികടന്നു വേണം പുറത്തുപോകേണ്ടത്. മഴ തുടങ്ങിയതോടെ നിർമ്മാണം നിലച്ചു. 273 കോടി മുടക്കിയാണ് റോഡുകൾ നവീകരിക്കുന്നത്. സ്‌കൂളുകളും കോളേജുകളും പ്രവർത്തിക്കുന്ന പ്രദേശങ്ങളിലെ റോഡുകളാണ് കുത്തിപൊളിച്ചത്.

28 റോഡുകളുടെ നവീകരണം ഇനി പൂർത്തിയാക്കാനുണ്ട്. ക്യത്യമായ ആസൂത്രണമില്ലായ്മയാണ് ഇപ്പോഴുണ്ടായ പ്രതിസന്ധിക്ക് കാരണമെന്നാണ് ആരോപണം.