മന്ത്രി സ്ഥാനത്തേക്ക് തിരികെ എത്തുന്നതിൽ സന്തോഷമുണ്ട്; മാറിനിന്ന കാലത്തും പാർട്ടിയേൽപ്പിച്ച ഉത്തരവാദിത്തം നിർവഹിച്ചുവെന്ന് സജി ചെറിയാൻ

തിരുവനന്തപുരം: മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിൽ പ്രതികരണവുമായി സജി ചെറിയാൻ. മന്ത്രി സ്ഥാനത്തേക്ക് തിരികെ എത്തുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മാറിനിന്ന കാലത്തും പാർട്ടിയേൽപ്പിച്ച ഉത്തരവാദിത്തം നിർവഹിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗവർണറുടെ വിയോജിപ്പിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. വിഷയത്തിൽ മറുപടിയില്ല. രാഷ്ട്രീയ നേതൃത്വം മറുപടി പറയുമെന്നും അദ്ദേഹം അറിയിച്ചു. സജി ചെറിയാനെ മന്ത്രിയാക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാർശയ്ക്ക് ശക്തമായ വിയോജിപ്പുകളോടെയാണ് ഗവർണർ അംഗീകാരം നൽകിയത്. വിഷയത്തിൽ ഭാവിയിൽ എന്ത് തിരിച്ചടിയുണ്ടായാലും ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും സർക്കാരിനുമായിരിക്കുമെന്ന് മുഖ്യമന്ത്രിയെ ഗവർണർ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു.

പല നിയമവിദഗ്ധരിൽ നിന്നും നിയമോപദേശങ്ങൾ തേടി പരമാവധി സർക്കാരിനെ മുൾമുനയിൽ നിർത്തിയ ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ ശുപാർശയ്ക്ക് ഗവർണർ അംഗീകാരം നൽകിയത്.

വിഷയത്തിൽ നിയമോപദേശകന്റെ അഭിപ്രായം പരിഗണിക്കുമെന്നും നിയമോപദേശം തേടുന്നത് സ്വാഭാവിക നടപടിയാണെന്നും കഴിഞ്ഞ ദിവസം ഗവർണർ പറഞ്ഞിരുന്നു. പുനഃപ്രവേശനം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അറിയിപ്പ് കിട്ടിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് പോലും അംഗീകരിക്കാൻ കഴിയാത്തത് കൊണ്ടാണ് സജി ചെറിയാന് രാജി വയ്‌ക്കേണ്ടി വന്നത്. വിഷയത്തിൽ കഴമ്പ് ഉണ്ടെന്ന് കണ്ടാണ് മുഖ്യമന്ത്രി അന്ന് രാജി ആവശ്യപ്പെട്ടത്. ഈ സാഹചര്യം മാറിയോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. മന്ത്രിയായുള്ള സജി ചെറിയാന്റെ സത്യപ്രതിജ്ഞ തടയാനാകില്ലെന്നാണ് രാജ്ഭവന്റെ സ്റ്റാൻഡിംഗ് കോൺസൽ കഴിഞ്ഞ ദിവസം നിയമോപദേശം നൽകിയിരുന്നത്.