സ്‌കൂൾ പാഠപുസ്തകങ്ങളിൽ ഭഗവദ്ഗീത, വേദങ്ങൾ എന്നിവ ഉൾപ്പെടുത്തണം; ശുപാർശ നൽകി പാർലമെന്ററി പാനൽ

ന്യൂഡൽഹി: രാജ്യത്തെ സ്‌കൂൾ പാഠപുസ്തകങ്ങളിൽ ഭഗവദ്ഗീത, വേദങ്ങൾ എന്നിവ ഉൾപ്പെടുത്താൻ ശുപാർശ നൽകി പാർലമെന്ററി പാനൽ. ചരിത്രത്തിൽ ഇടംനേടാതെപോയ സ്വാതന്ത്ര്യസമര സേനാനികളുടെ സംഭാവനകൾ എന്നിവയും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെന്നാണ് ശുപാർശ. തിങ്കളാഴ്ച പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പാനൽ ഇക്കാര്യം ശുപാർശ ചെയ്തിട്ടുള്ളത്. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വനിതകൾ, അവരുടെ സംഭാവനകൾ എന്നിവ എൻ.സി.ഇ.ആർ.ടിയുടെ റെഗുലർ ടെക്സ്റ്റ് ബുക്കുകളിൽ ഉൾപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. സിഖ്- മറാഠാചരിത്രം, വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ ചരിത്രം എന്നിവ കൂടി ഉൾപ്പെടുത്തണമെന്നും ശുപാർശയിൽ പറയുന്നു.

അതേസമയം, അനുബന്ധപഠനത്തിന് പകരം പ്രധാന പാഠഭാഗങ്ങളിൽ ഉൾപ്പെടുമ്പോൾ മാത്രമേ ഇക്കാര്യങ്ങൾ നിർബന്ധമായും പഠിക്കേണ്ട ഒന്നായി മാറൂവെന്നും ശുപാർശയിൽ വിശദീകരിക്കുന്നുണ്ട്. വിദ്യാഭ്യാസ-വനിതാ-ശിശു-യുവജന-സ്പോർട്സ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ബിജെപി രാജ്യസഭാ എം.പിയുമായ വിവേക് ഠാക്കൂറാണ് നടപടി റിപ്പോർട്ട് രാജ്യസഭയിൽ സമർപ്പിച്ചത്. സ്‌കൂൾ പാഠപുസ്തകങ്ങളിൽ ഇടംപിടിച്ച ‘ചരിത്രവിരുദ്ധമായ വസ്തുതകൾ’ കണ്ടുപിടിക്കുക, ഇന്ത്യൻ ചരിത്രത്തിലെ എല്ലാ കാലഘട്ടങ്ങൾക്കും തുല്യസ്ഥാനം ഉറപ്പാക്കുക, പ്രഗത്ഭരായ വനിതകൾക്ക് തുല്യ പ്രാതിനിധ്യം നൽകുക എന്നീ കാര്യങ്ങൾ നടപ്പിൽ വരുത്തുന്നതിനായാണ് സമിതി രൂപവത്കരിച്ചിരുന്നത്.

വേദങ്ങൾ, ഭഗവത് ഗീത എന്നിവയിൽനിന്നുള്ള അറിവുകൾ സ്‌കൂൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ചുള്ള ശുപാർശയും റിപ്പോർട്ടിൽ വിശദമാക്കുന്നു. ആറ്, ഏഴ്, പ്ലസ് വൺ, പ്ലസ്ടു ക്ലാസുകളിലെ എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ ഗീതാശ്ലോകങ്ങൾ ഉൾപ്പെടുത്തുന്ന കാര്യവും നിർദ്ദേശം മുന്നോട്ടുവെയ്ക്കുന്നു.