മദ്യദുരന്തം ഒഴിവാക്കാൻ വില കുറഞ്ഞതും നല്ലതുമായ മദ്യം ലഭ്യമാക്കണം; പഞ്ചാബ് സർക്കാർ സുപ്രീം കോടതിയിൽ

ചണ്ഡീഗഢ്: മദ്യദുരന്തം ഒഴിവാക്കാൻ വില കുറഞ്ഞതും നല്ലതുമായ മദ്യം ലഭ്യമാക്കണമെന്ന് സുപ്രീം കോടതിയിൽ വ്യക്തമാക്കി പഞ്ചാബ് സർക്കാർ. അനധികൃത മദ്യനിർമ്മാണം കണ്ടെത്തി നശിപ്പിക്കാൻ പൊലീസ് പ്രാദേശിക തലത്തിൽ രഹസ്യാന്വേഷണ വിഭാഗവും ശക്തമാക്കിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

ബീഹാറിലെ നിരോധന നിയമം മദ്യ ദുരന്തം തടയുന്നതിൽ പരാജയപ്പെട്ട സാഹചര്യത്തിൽ നല്ല മദ്യം കുറഞ്ഞ വിലയിൽ ലഭ്യമാക്കണമെന്നും പഞ്ചാബ് സർക്കാർ പറഞ്ഞു. മുതിർന്ന അഭിഭാഷകൻ അജിത് സിൻഹയാണ് ജസ്റ്റിസുമാരായ എം.ആർ. ഷാ, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിനെ ഇക്കാര്യം അറിയിച്ചത്. ഇക്കാര്യം വ്യക്തമാക്കി പഞ്ചാബിലെ എക്‌സൈസ്, നികുതി വകുപ്പ് സത്യവാങ്മൂലം സമർപ്പിച്ചു.

അനധികൃത മദ്യ നിർമാണത്തെക്കുറിച്ച് വിവരം നൽകുന്നവർക്ക് 50,000 രൂപ മുതൽ 2 ലക്ഷം രൂപ വരെ പാരിതോഷികങ്ങളും സംസ്ഥാനം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന അതിർത്തികളിൽ പ്രവർത്തിക്കുന്ന ഭട്ടികളിൽ അനധികൃതമായി വാറ്റിയ മദ്യം വിൽക്കുന്നത് വ്യാപകമാണെന്നും ഇത്തരം മദ്യം കുടിക്കുന്നതിനെതിരെയും പ്രത്യാഘാതങ്ങൾക്കെതിരെയും പഞ്ചാബ് പൊതുബോധവൽക്കരണ കാമ്പയിൻ ആരംഭിക്കുകയും ചെയ്തുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

2020 ൽ തരൺ തരൺ, അമൃത്സർ, ഗുരുദാസ്പൂർ എന്നിവിടങ്ങളിൽ നടന്ന മദ്യ ദുരന്തങ്ങളിൽ കുറ്റക്കാരായ മദ്യമാഫിയയ്ക്കെതിരെ പഞ്ചാബ് സർക്കാർ കൃത്യമായ നടപടിയെടുത്തില്ലെന്ന ജസ്റ്റിസ് ഷായുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിമർശിച്ചിരുന്നു. തുടർന്നാണ് പഞ്ചാബ് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത്.