‘അഗ്നി 5’ന്റെ രാത്രി പരീക്ഷണം വിജയകരമായി പൂർത്തിയായി; ചൈനയുടെ മുഴുവൻ ഭൂപരിധിയും മിസൈലിന് ലക്ഷ്യമിടാനാകും

ബാലസോർ: ഇന്ത്യയ്ക്ക് അഭിമാന നേട്ടം. ഇന്ത്യയുടെ നവീനവും കരുത്തേറിയതുമായ ആണവഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ‘അഗ്നി 5’ന്റെ രാത്രി പരീക്ഷണം വിജയകരമായി പൂർത്തിയായി.ഒഡീഷ തീരത്തെ അബ്ദുൽ കലാം ദ്വീപിൽ നിന്ന് വ്യാഴാഴ്ച്ച വൈകിട്ട് 5.30 ഓടെ ആയിരുന്നു പരീക്ഷണം നടന്നത്.

5,400 കിലോമീറ്ററാണ് മിസൈലിന്റെ ദൂരപരിധി. ചൈനയുടെ മുഴുവൻ ഭൂപരിധിയും ഈ മിസൈലിന് ലക്ഷ്യമിടാനാകും. അഗ്നി 5 മിസൈലുമായി ബന്ധപ്പെട്ട പുതിയ സാങ്കേതിക വിദ്യകളുടെയും സംവിധാനങ്ങളുടെയും ഫലപ്രാപ്തി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരീക്ഷണം നടന്നത്. അഗ്നി 5 മിസൈലിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം 2012 ലാണ് നടന്നത്. ഒൻപതാം പരീക്ഷണമാണ് വ്യാഴാഴ്ച്ച നടന്നത്. അഗ്നി 1 (ദൂരപരിധി: 700 കിലോമീറ്റർ), അഗ്നി 2 (2000 കിലോമീറ്റർ), അഗ്നി 3, 4 (25003000 കിലോമീറ്റർ) എന്നീ മിസൈലുകളാണ് നിലവിൽ ഇന്ത്യയ്ക്കുള്ളത്.

അരുണാചലിലെ തവാങ്ങിൽ ഇന്ത്യ ചൈന അതിർത്തിയിൽ ഇരുരാജ്യങ്ങളുടെയും സൈനികർ അടുത്തിടെ സംഘർഷം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് മിസൈൽ പരീക്ഷണം നടന്നിട്ടുള്ളത്.