സ്ത്രീകള്‍ക്കെതിരെയുള്ള അക്രമസംഭവങ്ങള്‍ക്കും രാത്രി വിലക്കുകള്‍ക്കുമെതിരെ ബോധവത്ക്കരണം; കൊച്ചിയിൽ വനിതാസംഗമം സംഘടിപ്പിക്കുന്നു

കൊച്ചി: ഓൾ ഇന്ത്യാ ലോയേഴേസ് യൂണിയൻ കേരളാ ഹൈക്കോടതി വനിതാ സബ് കമ്മിറ്റി സംഘടിപ്പിക്കുന്ന വനിതകളുടെ രാത്രി സംഗമം ഇന്ന്. രാത്രി പുറത്തിറങ്ങുന്ന സ്ത്രീകൾക്കെതിരെയുള്ള അക്രമസംഭവങ്ങൾക്കും വിലക്കുകൾക്കുമെതിരെ ബോധവൽക്കരണം ലക്ഷ്യമിട്ടാണ് വനിത സംഗമം നടത്തുന്നത്.

കൊച്ചി ദർബാർ ഹാൾ ഗ്രൗണ്ടിലാണ് വനിതാ സംഗമം നടക്കുന്നത്. ഡിസ്ട്രിക്റ്റ് ടൂറിസം പ്രൊമോഷൻ കൗൺസിലുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാത്രി 8 മണി മുതലാണ് പരിപാടി നടക്കുക. വനിതകളായ ജുഡീഷ്യൽ ഓഫീസർമാർ, ജില്ലാ കളക്ടർ, അഭിഭാഷകർ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള സ്ത്രീകളും പെൺകുട്ടികളും പരിപാടിയിൽ പങ്കെടുക്കും.

ജനുവരിയിൽ നടക്കുന്ന എഐഎൽയു സമ്മേളനത്തിന് മുന്നോടിയായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രാത്രി സഞ്ചാരത്തിനുള്ള സാഹചര്യങ്ങൾ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് സർക്കാരിനു സമർപ്പിക്കാനുള്ള പ്രമേയം വായിച്ച് പാസ്സാക്കുമെന്ന് പരിപാടി സംഘാടകർ വ്യക്തമാക്കി. നാടൻപാട്ട്, വനിതകളുടെ ശിങ്കാരിമേളം, സംഗീതപരിപാടി എന്നിവ പരിപാടിയിലുണ്ടാകും. ഭരണഘടന വാഗ്ദാനം ചെയ്യുന്ന എല്ലാ അവകാശങ്ങളും എന്നതുപോലെ സഞ്ചാരസ്വാതന്ത്ര്യവും സ്ത്രീക്കും പുരുഷനും തുല്യമാണെന്നും അതിനു രാത്രിയെന്നോ പകലെന്നോ ഇല്ലെന്നും എഐഎൽയു ഹൈക്കോടതി വനിതാ സബ്കമ്മറ്റി അറിയിച്ചു.