പൊതുവേദിയില്‍ ജാതീയ അധിക്ഷേപം നടത്തി; പി.വി ശ്രീനിജന്‍ എംഎല്‍എ യുടെ പരാതിയില്‍ സാബു ജേക്കബിനെതിരെ കേസ്

കൊച്ചി: പൊതുവേദിയില്‍ ജാതീയ അധിക്ഷേപം നടത്തിയെന്ന പി.വി ശ്രീനിജന്‍ എം എല്‍ എ യുടെ പരാതിയില്‍ ട്വന്റി ട്വന്റി ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു ജേക്കബ്ബിനെതിരെ പട്ടികജാതി പീഡന നിരോധന നിയമ പ്രകാരം കേസെടുത്ത് പോലീസ്. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ജേക്കബിനെതിരെയും പുത്തന്‍കുരിശ് പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.

ഐക്കരനാട് കൃഷിഭവന്‍ സംഘടിപ്പിച്ച കര്‍ഷക ദിനാഘോഷത്തില്‍ ഉദ്ഘാടകനായി എത്തിയ എം എല്‍ എയെ വേദിയില്‍ വച്ച് പരസ്യമായി അപമാനിച്ചെന്നാണ് പരാതി. എം എല്‍ എയും ട്വന്റി 20 യും തമ്മിലുള്ള തുറന്ന പോരില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്ത കേസാണിത്. ട്വന്റി 20ക്കെതിരെ പി വി ശ്രീനിജന്‍ എം എല്‍ എ കഴിഞ്ഞ ആഴ്ച രംഗത്ത് വന്നിരുന്നു. കിഴക്കമ്ബലത്തെ പോഞ്ഞാശ്ശേരി ചിത്രപ്പുഴ റോഡിന്റെ പണി എംഎല്‍എ തടസ്സപ്പെടുത്തുന്നു എന്ന് ട്വന്റി 20 ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് എം എല്‍ എ രംഗത്തെത്തിയത്.

‘കിഴക്കമ്ബലത്തെ പ്രദേശിക പാര്‍ട്ടി കഴിഞ്ഞ ദിവസം കിഴക്കമ്ബലത്ത് എനിക്കെതിരെ പോസ്റ്ററുകള്‍ പതിപ്പിച്ചിരുന്നു. റോഡിന്റെ പണി ഞാന്‍ തടസ്സപ്പെടുത്തുന്നു എന്നാണ് ആരോപണം . റോഡുപണി ഏറ്റെടുത്ത കരാറുകാരന്‍ പണി പൂര്‍ത്തിയാക്കാത്തതിനാല്‍ രണ്ടു പ്രാവശ്യമാണ് ഈ പ്രവര്‍ത്തിക്ക് കാലാവധി നീട്ടി നല്‍കിയത്. ഇനിയും കരാര്‍ നീട്ടി നല്‍കേണ്ടതില്ലായെന്ന് മണ്ഡലതല മീറ്റിംഗില്‍ നിര്‍ദ്ദേശം നല്‍കി. സാധാര ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നമായതുകൊണ്ട് ഒന്ന് ഇടപെട്ടുപോയി അതിനാണ് എനിക്കെതിരെ പ്രാദേശിക പാര്‍ട്ടി പോസ്റ്റര്‍ യുദ്ധം ആരംഭിച്ചിരിക്കുന്നത്’- എംഎല്‍എ ആരോപിച്ചിരുന്നു.