സ്വിഫ്റ്റ് ബസ് വേണമെന്ന് പ്രതിപക്ഷം തന്നെ പറയുന്നതില്‍ സന്തോഷമുണ്ട്: ഗതാഗത മന്ത്രി

സംസ്ഥാനത്ത് കെഎസ്ആര്‍ടിസിക്ക് സ്വിഫ്റ്റ് ഏപ്രില്‍ മുതല്‍ നവംബര്‍ വരെ നല്‍കിയ കളക്ഷന്‍ 53 കോടി രൂപയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നിയമ സഭയില്‍ വ്യക്തമാക്കി.

പ്രതിപക്ഷം തന്നെ സ്വിഫ്റ്റ് ബസ് വേണമെന്ന് പറയുന്നതില്‍ സന്തോഷമുണ്ട്. ഗ്രാമ വണ്ടി ചോദിക്കുന്ന എംഎല്‍എമാര്‍ക്കെല്ലാം 30 ദിവസത്തിനുള്ളില്‍ നല്‍കും. സ്വിഫ്റ്റിന്റെ ചോദ്യം ഉന്നയിക്കേണ്ട സ്ഥാനത്ത് കെ എസ് ആര്‍ ടി സി യുടെ ചോദ്യം ചോദിച്ചാല്‍ മറുപടി പറയാന്‍ ആകില്ലെന്നും ഗതാഗതമന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് അഞ്ചാം തീയതി ശമ്പളം നല്‍കുമെന്ന ഉറപ്പ് ഒരു മാസം മാത്രമാണ് സര്‍ക്കാര്‍ പാലിച്ചതെന്ന് എം വിന്‍സന്റ് എം.എല്‍.എയുടെ വിമര്‍ശനത്തിന് മറുപടി പറവേയാണ് മന്ത്രി ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്.

അതേസമയം, 2022 ആഗസ്റ്റ് 1 നാണ് കെഎസ്ആര്‍ടിസി-സ്വിഫ്റ്റ് ഇലക്ട്രിക് ബസുകള്‍ സിറ്റി സര്‍ക്കുലറില്‍ സര്‍വ്വീസ് ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ 25 ബസുകളും ഇപ്പോള്‍ 10 ബസുകളും എത്തി. 5 ഇലക്ട്രിക് ബസുകള്‍ ഉടന്‍ തന്നെ സിറ്റി സര്‍ക്കുലറിന്റെ ഭാഗമാകും എന്നാണ് അറിയുന്നത്. ബാക്കിയുള്ള 10 ബസുകള്‍ അടുത്തമാസം എത്തിച്ചേരുമെന്നാണ് പ്രതീക്ഷ. തമ്പാനൂര്‍, കിഴക്കേകോട്ട, പാപ്പനംകോട്, വികാസ് ഭവന്‍, പേരൂര്‍ക്കട, നെയ്യാറ്റിന്‍കര, തുടങ്ങിയ സ്ഥലങ്ങളില്‍ ചാര്‍ജിംഗ് സ്റ്റേഷനുകളും നിലവില്‍ ഉണ്ട്. സിറ്റി സര്‍ക്കുലറില്‍ ദിനം പ്രതി 1000 യാത്രക്കാരില്‍ നിന്നും 35,000 യാത്രക്കാര്‍ ആയി മാറിയത് കെഎസ്ആര്‍ടിസിക്ക് നേട്ടമായിരുന്നു.