53ഓളം രാജ്യങ്ങളിൽ നൂറോളം രഹസ്യ പോലീസ് സ്റ്റേഷനുകൾ ചൈന തുറന്നതായി റിപ്പോർട്ട്; വാർത്തകൾ തള്ളി ചൈനീസ് വിദേശകാര്യ മന്ത്രാലയം

ബെയ്ജിംഗ്: ചൈന സ്വന്തം നിലയിൽ 53ഓളം വിദേശ രാജ്യങ്ങളിൽ നൂറോളം രഹസ്യ പോലീസ് സ്റ്റേഷനുകൾ തുറന്നതായി റിപ്പോർട്ട്. ആതിഥേയ രാജ്യങ്ങളുടെ പിന്തുണയോടെയാണ് ചൈനയുടെ നടപടിയെന്നാണ് പുറത്തു വരുന്ന വിവരം. പ്രവാസികളായ ചൈനീസ് പൗരന്മാരെ നിരീക്ഷിക്കുക, രാജ്യാന്തര തലത്തിൽ വ്യാപകമായി ചൈനയുടെ സാന്നിധ്യം അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൈന ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്നാണ് സൂചനകൾ.

ചൈനയ്ക്ക് ആഗോള തലത്തിൽ പല വിദേശ രാജ്യങ്ങളിലായി 54 രഹസ്യ പോലീസ് സ്റ്റേഷനുകൾ ഉണ്ടെന്ന് ആദ്യം വെളിപ്പെടുത്തിയത് സേഫ് ഗാർഡ് ഡിഫൻഡേഴ്‌സ് ആണ്. ചൈന വിദേശത്ത് നടത്തുന്ന 48 അധിക പോലീസ് സ്റ്റേഷനുകളുടെ കൂടി തെളിവുകൾ പുറത്തുവന്നിരുന്നു. ചൈനയുടെ പൊതുസുരക്ഷാ മന്ത്രാലയത്തിന് കീഴിൽ ലോകത്തിന്റെ എല്ലായിടത്തും ചൈനയുടെ ചാര പോലീസിന്റെ പ്രവർത്തനങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, വിദേശ രാജ്യങ്ങളിൽ ചൈനീസ് സർക്കാരിന്റെ നേതൃത്വത്തിൽ സ്റ്റേഷനുകൾ പ്രവർത്തിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ ചൈനീസ് വിദേശകാര്യ മന്ത്രാലയം തള്ളി. ആഗോളതലത്തിൽ ചിലർ ചൈനയ്‌ക്കെതിരെ അപകീർത്തികരമായ വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും ചൈന വ്യക്തമാക്കി. ലോകത്ത് പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നവരാണ് ഇതിന് പിന്നിലെന്നും ചൈന പറയുന്നു. ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നത് ഉൾപ്പെടെയുള്ള ജോലികളിൽ ചൈനീസ് പ്രവാസികളെ സഹായിക്കാൻ സജ്ജീകരിച്ച ഈ സൗകര്യങ്ങൾ അഡ്മിനിസ്‌ട്രേറ്റീവ് ഹബ്ബുകളാണെന്ന അവകാശവാദമാണ് ചൈന ഉന്നയിക്കുന്നത്.

കോവിഡ് മഹാമാരിക്കാലത്ത് ഡോക്യുമെന്റേഷൻ പുതുക്കാൻ കഴിയാതെ നിരവധി പൗരന്മാരെ മറ്റു രാജ്യങ്ങളിൽ ജയിലിലാകുന്ന സാഹചര്യം ഒഴിവാക്കാനായാണ് ഇത്തരം ഓഫീസുകൾ ആരംഭിച്ചതെന്നും ചൈന വിശദീകരിച്ചു.